മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുക ഇരട്ടിയാക്കിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു
യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിന് എയർ ഇന്ത്യ ഈ മാസം 20 മുതലാണ് തുക ഇരട്ടിയാക്കി ഉത്തരവിറക്കിയത്.
- Published:
30 Sep 2018 5:38 AM GMT
യു.എ.ഇയില്‍ നിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുക ഇരട്ടിയാക്കിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസ ലോകത്ത്
രൂപപ്പെട്ട കടുത്ത പ്രതിഷേധത്തെ തുടർന്ന് പ്രശ്നത്തിൽ ഇടപെടാൻ കേന്ദ്രസർക്കാർ നിർബന്ധിതമാവുകയായിരുന്നു.
ഈ മാസം 20 മുതലാണ് യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന്‍റെ നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കിയത്. കിലോക്ക്
16 ദിർഹം എന്നത് 30 ദിർഹമായാണ് ഉയർത്തിയത്. ഇതോടെ ഒരു മൃതദേഹം നാട്ടിലെത്താൻ എൺപതിനായിരം രൂപ വരെ നൽകേണ്ട സ്ഥിതി ഉണ്ടായി. അതീവ രഹസ്യസ്വഭാവത്തിൽ കൈക്കൊണ്ട തീരുമാനം മീഡിയാവൺ ആണ് പുറത്തുകൊണ്ടു വന്നത്.
ഇതോടെ പ്രവാസി കൂട്ടായ്മകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും നിരക്ക് ഏകീകരിക്കുക മാത്രമാണുണ്ടായതെന്ന വാദവും നിലനിൽക്കുന്നതായിരുന്നില്ല. ശനിയാഴ്ച ദുബൈയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിങ്ങും പ്രവാസി പ്രതിഷേധത്തിന്‍റെ ചൂട് നേരിട്ടറിഞ്ഞു. നിരക്ക്
പിൻവലിക്കാതെ പിറകോട്ടില്ലെന്ന് പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും ഉറച്ചുനിന്നു. വ്യക്തിപരമായി തന്നെ താൻ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തുടർന്നാണ്
അന്യായവർധന പിൻവലിച്ച് പഴയ നിരക്കിൽ തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.
തീരുമാനം തിരുത്തിയ നടപടിയെ പ്രവാസി സമൂഹം സ്വാഗതം ചെയ്തു. സ്ട്രച്ചറിൽ കൊണ്ടു പോകുന്ന കിടപ്പുരോഗികൾക്ക് നേരത്തെ മൂന്നിരട്ടി നിരക്ക് വർധിപ്പിച്ച എയർ ഇന്ത്യ നടപടിയും ശക്തമായ പ്രതിഷേധത്തിലൂടെയാണ് പ്രവാസലോകം തിരുത്തിയത്.
Adjust Story Font
16