ഹൂതികള്‍ സ്ഥാപിച്ച ആയിരത്തോളം മൈനുകള്‍ നിര്‍വീര്യമാക്കിയെന്ന് സൗദി സഖ്യസേന

യമന്‍ സൈന്യത്തെ ലക്ഷ്യം വെച്ച് ഹൂതികള്‍ സ്ഥാപിച്ച ആയിരത്തോളം മൈനുകള്‍ നിര്‍വീര്യമാക്കിയെന്ന് സൗദി സഖ്യസേന. റിയാദില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യസേന ഇക്കാര്യം അറിയിച്ചത്. കപ്പലുകളെ ലക്ഷ്യം വെച്ച് സ്ഥാപിച്ച അമ്പതോളം കുഴിബോംബുകളും നിര്‍വീര്യമാക്കി.
റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി ഹൂതികള്‍ സ്ഥാപിച്ച കുഴിബോംബുകളെ കുറിച്ച് വിശദീകരിച്ചത്. സഖ്യസേനാ സഹായത്തോടെ യമന്‍ തുറമുഖ പട്ടണം ഹുദൈദ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യമന്‍ സൈന്യം. ഇവരുടെ മുന്നേറ്റം പ്രതിരോധിക്കാനാണ് ഹൂതികള്‍ വഴി നീളെ കുഴിബോംബുകള്‍ സ്ഥാപിച്ചത്. കപ്പലുകളുടെ മാര്‍ഗം തടസ്സപ്പെടുത്താനും പ്രത്യേക മൈനുകള്‍ സ്ഥാപിച്ചതായി സഖ്യസേന ആരോപിക്കുന്നു.

“വ്യാപകമായി കുഴി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട് ഹൂതികള്‍. സാധാരണക്കാരെ പോലും അവര്‍ ലക്ഷ്യം വെക്കുന്നു. നിര്‍വീര്യമാക്കുന്നത് തുടരുകയാണ്” കേണല്‍ തുര്‍ക്കി അല്‍ മാലികി പറയുന്നു.
നാവിക ആസ്ഥാനത്തിനടുത്ത് സ്ഥാപിച്ച 36 ഉം കടലില്‍ സ്ഥാപിച്ച 13ഉം കുഴി ബോംബുകള്‍ കഴിഞ്ഞ ആഴ്ച്ച നശിപ്പിച്ചു. ഹൂതികള്‍ ഉപയോഗിക്കുന്നത് ഇറാനില്‍ നിന്നെത്തിച്ച കുഴിബോംബുകളാണെന്നും സഖ്യസേന പറയുന്നു.
Adjust Story Font
16

