തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി പ്രവാസലോകം
വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണമാണ് നാട്ടിലെങ്കില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍ കൊഴുപ്പിക്കാനാണ് പ്രവാസികളുടെ ശ്രമം.

പ്രവാസി വോട്ട് ഇത്തവണയും യാഥാര്‍ത്ഥ്യമായില്ലെങ്കിലും നിരാശ മറന്ന് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ് പ്രവാസ ലോകം. വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണമാണ് നാട്ടിലെങ്കില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍ കൊഴുപ്പിക്കാനാണ് പ്രവാസികളുടെ ശ്രമം. ഇതിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് പ്രവാസി സംഘടനകള്‍.
ഇത്തവണയെന്തായാലും പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു വിവിധ പാര്‍ട്ടികളുടെ പ്രവാസി സംഘടനകള്‍. സാധ്യത മുന്നില്‍ക്കണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേതാക്കളെ അയച്ച് പ്രചരണം നടത്താനായി പാര്‍ട്ടി നേതൃത്വങ്ങള്‍ ഒരുങ്ങുകയും ചെയ്തു. പക്ഷെ പ്രഖ്യാപനം ഇത്തവണയും കടലാസിലൊതുങ്ങിയതോടെ പ്രവാസികള്‍ നിരാശരായി. എന്നാല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ പ്രസക്തി കണക്കിലെടുത്ത് നിരാശയെല്ലാം പെട്ടെന്ന് മറന്ന് പ്രചരണത്തിനുള്ള തയ്യാറെടുപ്പിലാണ് വിവിധ പ്രവാസി സംഘടനകള്‍. നാട്ടിലെ പ്രചരണം മനസിലും ടി.വിയിലും കണ്ട് സായൂജ്യമടയാനായിരുന്നു പണ്ടൊക്കെ പ്രവാസികളുടെ വിധിയെങ്കില്‍ സോഷ്യല്‍ മീഡിയാക്കാലത്ത് സ്ഥിതി മാറി.
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങളില്‍ ഒരു മുഴം മുമ്പെ കോണ്‍ഗ്രസ് സംഘടനകളായ ഒഐസിസിയും ഇന്‍കാസും തന്നെയാണ്. സ്ഥാനാര്‍ത്ഥികളെ ഉറപ്പിക്കുന്നതിന് മുന്നെ തന്നെ പലരുടെയും പടം വെച്ച് വോട്ടഭ്യര്‍ത്ഥനകള്‍ വരെ വന്നു. മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സിസിയും വന്‍ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. എന്നാല്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രവാസി സംഘടനകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാര്യത്തില്‍ ഏറെ പിറകിലാണ്.
Adjust Story Font
16

