സ്നേഹവും സൗഹ്യദവും പങ്ക് വെച്ച് ബഹ്റൈനിലെ മലയാളികളും പെരുന്നാളാഘോഷിച്ചു
മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ തക് ബീർ ധ്വനികളാലും പ്രാർഥനകളാലും രാവിലെ മുതൽ തന്നെ ഭക്തിസാന്ദ്രമായിരുന്നു.

സ്നേഹവും സൗഹൃദവും പങ്കുവെച്ച് ബഹ്റൈനിലെ മലയാളികളും പെരുന്നാളാഘോഷത്തിൽ പങ്കുചേർന്നു. മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ തക് ബീർ ധ്വനികളാലും പ്രാർഥനകളാലും രാവിലെ മുതൽ തന്നെ ഭക്തിസാന്ദ്രമായിരുന്നു.
ബഹ്റൈനിലും ഈദ് ദിനം പ്രവാസികൾ സമുചിതം ആഘോഷിച്ചു. മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ പെരുന്നാൾ ദിനത്തിലെ സ്നേഹപ്രകടനത്തിന്റെ വേദി കൂടിയായി മാറി. സുന്നി ഔഖാഫ് പ്രവാസികൾക്ക് വേണ്ടി ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിൽ സംഘടിപ്പിച്ച വിപുലമായ ഈദ് ഗാഹിൽ പങ്കെടുക്കാൻ പുലർ കാലത്ത് തന്നെ ധാരാളം പ്രവാസികളും കുടുംബങ്ങളും എത്തിച്ചേർന്നിരുന്നു. ജമാൽ നദ് വി ഖുതുബ നിർവഹിക്കുകയും സഈദ് റമദാൻ നദ് വി പ്രാർഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. കുശലാന്വേഷണങ്ങൾ നടത്തിയും സുഹൃദ് ബന്ധങ്ങൾ പുതുക്കിയും കുടുംബങ്ങൾ പെരുന്നാളിന്റെ സന്തോഷം പങ്കുവെച്ചു.
റിഫ ഇസ് ലാമിക് സെന്റർ, ഇന്ത്യൻ ഇസ്വ് ലാഹി സെന്റർ, അൽ ഹിദായ സെന്റർ മലയാളം വിഭാഗം എന്നിവരുടെ നേതൃത്വത്തിലും വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു. പ്രവാസി കുടുംബങ്ങൾക്ക് ഒത്തു ചേരലിന്റെയും സ്നേഹാന്വേഷണങ്ങളുടെയും വേദി കൂടിയായിരുന്നു ഈദ് ഗാഹുകൾ. പ്രാർഥനക്ക് ശേഷം കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഒത്തുചേരലിന്റെ മധുരം കൂടിയാണ് പ്രവാസികൾ അനുഭവിച്ചറിഞ്ഞത്.
Adjust Story Font
16

