ഹാജര്‍ നിര്‍ബന്ധമാക്കി ഖത്തറിലെ സ്കൂളുകള്‍: റൊട്ടേറ്റിങ് ഹാജര്‍ നിലവില്‍ വന്നു
കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്കൂളുകളില്‍ അധ്യയനം ആരംഭിച്ചിരിക്കുന്നത്. ഓരോ ക്ലാസിലും പരമാവധി 15 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് അധ്യയനം നടക്കുക.

ഖത്തറിലെ സ്കൂളുകളില്‍ റൊട്ടേറ്റിങ് ഹാജര്‍ സംവിധാനമനുസരിച്ചുള്ള അധ്യയന രീതി ആരംഭിച്ചു. ഓരോ ക്ലാസിലും പരമാവധി 15 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് അധ്യയനം നടക്കുക. കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്കൂളുകളില്‍ അധ്യയനം ആരംഭിച്ചിരിക്കുന്നത്
ഹാജര്‍ നില നിര്‍ബന്ധമാക്കിക്കൊണ്ടുള്ള അധ്യയന നടപടികള്‍ക്കാണ് ഖത്തറിലെ സ്വകാര്യ സ്കൂളുകളില്‍ ഇന്ന് മുതല്‍ തുടക്കമായത്. ഓരോ ക്ലാസിലും ദിനേന പതിനഞ്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള റൊട്ടേറ്റിങ് ഹാജര്‍ നിലയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂള്‍ അധികൃതര്‍ നിശ്ചയിച്ചുനല്‍കുന്ന ഊഴമനുസരിച്ചാണ് ഓരോ വിദ്യാര്‍ത്ഥിയും സ്കൂളിലെത്തേണ്ടത്. സ്കൂളിലെത്തേണ്ട ദിവസമല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം തുടരണം.
ക്ലാസ് റൂം പഠനം, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ നേരത്തെ നല്‍കിയിരുന്ന അവസരം റദ്ദാക്കിയാണ് വിദ്യാഭ്യാസ മന്ത്രാലയം ഹാജര്‍നില നിര്‍ബന്ധമാക്കിയത്. സ്വകാര്യ സ്കൂളുകളില്‍ ഈ അധ്യയനരീതി അക്കാദമിക് കലണ്ടര്‍ അനുസരിച്ചുള്ള ആദ്യ സെമസ്റ്ററിലെ മിഡ് ടേം പരീക്ഷകള്‍ക്ക് കൂടി ബാധകമാണ്.
അതേസമയം കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂളുകളില്‍ അധ്യയനം ആരംഭിച്ചിരിക്കുന്നത്. ക്ലാസ് മുറിയില്‍ ഓരോ വിദ്യാര്‍ഥിക്കുമിടയില്‍ ഒന്നര മീറ്ററിന്‍റെ സുരക്ഷിത അകലം ഉറപ്പാക്കണം. സ്കൂള്‍ ബസിലും ഗ്രൌണ്ടിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമൊക്കെ ഈ അകലം പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഫേസ്‍മാസ്കുകള്‍ നിര്‍ബന്ധമാണ്. ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരാണെങ്കില്‍ മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന പക്ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടര്‍ന്നാല്‍ മതിയാകും.
സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് മതിയായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം. ക്ലാസ് മുറികളിലും മറ്റിടങ്ങളിലും വിദ്യാര്‍ത്ഥികളുടെ എണ്ണം മൊത്തം ശേഷിയുടെ 42 ശതമാനത്തിലധികമാകരുത്. കിന്‍റര്‍ഗാര്‍ഡനുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സ്കൂളുകള്‍ തുടങ്ങിയവയിലും ഇതേ നിബന്ധനകള്‍ ബാധകമാണ്.
Adjust Story Font
16

