Quantcast

ബഹ്റൈനിൽ കോവിഡ് വാക്സിനായുള്ള കാത്തിരിപ്പ് സമയം കുറച്ചു

രാജ്യത്ത് 1936 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    4 Jun 2021 1:21 AM GMT

ബഹ്റൈനിൽ കോവിഡ് വാക്സിനായുള്ള കാത്തിരിപ്പ് സമയം കുറച്ചു
X

ബഹ്റൈനിൽ കോവിഡ് വാക്സിനായുള്ള കാത്തിരിപ്പ് സമയം കുറച്ചതായും വിവിധ വാക്സിനുകൾ ഒന്നു മുതൽ അഞ്ച് വരെ ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് 1936 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

ബഹ്റൈനിൽ കൂടുതൽ കേന്ദ്രങ്ങൾ വഴി വാക്സിൻ നൽകാൻ ആരംഭിച്ചതോടെ വാക്സിനുകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷണൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

27 ഹെൽത്ത് സെന്‍റുകള്‍ ഉൾപ്പെടെ 31 കേന്ദ്രങ്ങളിലൂടെയാണ് വാക്സിൻ നൽകുന്നത്. വിവിധ വാക്സിനുകൾ ഒന്നുമുതൽ അഞ്ച് വരെ ദിവസത്തിനുള്ളിൽ ഇനി മുതൽ ലഭ്യമാകും. ഓരോ വാക്സിനും സ്വീകരിക്കാൻ യോഗ്യരായ വിഭാഗങ്ങളെക്കുറിച്ച് healthalert.gov.bh എന്ന വെബ്സൈറ്റിലും ബി അവെയർ ആപ്പിലും വിവരം ലഭ്യമാക്കിയിട്ടുണ്ട്.അതേസമയം, നിശ്ചയിച്ച് നൽകിയിട്ടുള്ള തീയതികളിൽ വാക്സിൻ സ്വീകരിക്കുന്നതിൽ ചിലർ വീഴ്ച വരുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് പ്രതിദിനം നൽകുന്ന ഡോസ് 26,000 ആയി കുറഞ്ഞിട്ടുണ്ട്. രജിസ്റ്റർ ചെയ്ത എല്ലാവരും കൃത്യസമയത്ത് വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വാക്സിൻ സ്വീകരിക്കേണ്ട തീയതിയെക്കുറിച്ച് എല്ലാവർക്കും ടെക്സ്റ്റ് മെസേജ് ആയി അയക്കുന്നുണ്ട്.

നിശ്ചയിച്ച തിയതിയിൽ വാക്സിൻ സ്വീകരിക്കാത്തവർ മറ്റ് ദിവസങ്ങളിൽ എത്തുമ്പോൾ തിരക്കിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകിക്കഴിഞ്ഞു. ഇതിൽ 96 ശതമാനം പേരും കൃത്യസമയത്ത് വാക്സിൻ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ച 1936 പേരിൽ 868 പേർ പ്രവാസികളാണ്. 3005 പേർക്ക് കൂടി രോഗവിമുക്തി ലഭിച്ചിട്ടുണ്ട്. 26863 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ കഴിയുന്നത്. ഇവരിൽ 331 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.



TAGS :

Next Story