Quantcast

ജിസിസി രാജ്യങ്ങളിലെ കോവിഡ് വാക്സിനെടുത്ത പൌരന്മാര്‍ക്കും വിദേശികള്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്‍റൈന്‍ ഇളവ്

ഖത്തറില്‍ താമസിക്കുന്ന വിദേശികള്‍ക്കും ജിസിസി രാജ്യങ്ങളില്‍ പോയി തിരിച്ചുവരുമ്പോള്‍ ഇളവ് ലഭിക്കും

MediaOne Logo

Saifudheen PC

  • Updated:

    2021-05-21 19:57:49.0

Published:

22 May 2021 1:30 AM IST

ജിസിസി രാജ്യങ്ങളിലെ കോവിഡ് വാക്സിനെടുത്ത പൌരന്മാര്‍ക്കും വിദേശികള്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്‍റൈന്‍ ഇളവ്
X

ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ഹമദ് വിമാനത്താവളം വഴിയോ ബൂംസംറ കരഅതിര്‍ത്തി വഴിയോ വരുന്നവര്‍ക്കുള്ള യാത്രാ ചട്ടങ്ങള്‍ ഖത്തര്‍ ആരോഗ്യമന്ത്രാലയം പുതുക്കി. ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച ആറ് തരം വാക്സിനുകള്‍ സ്വീകരിച്ച് രണ്ടാഴ്ച്ച കഴിഞ്ഞവരാണെങ്കില്‍ ഖത്തറിലെത്തുമ്പോള്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ഇത് ജിസിസി രാജ്യങ്ങളിലെ പൌരന്മാര്‍ക്കും അവിടങ്ങളില്‍ താമസിക്കുന്ന മറ്റ് രാജ്യക്കാര്‍ക്കും ബാധകമാണ്. ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക്, മൊഡേണ, ആസ്ട്രാസെനക്ക, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍, സിനോഫാം എന്നീ കമ്പനികളുടെ വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ ഇളവ് ലഭിക്കൂ. കൂടാതെ ജിസിസി രാജ്യങ്ങളില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പുള്ള 72 മണിക്കൂറിനകമെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. തുടര്‍ന്ന് ദോഹയില്‍ ഇറങ്ങിയ ഉടന്‍ പുതിയ പിസിആര്‍ ടെസ്റ്റ് നടത്തണം. 300 റിയാലാണ് ഇതിനുള്ള ഫീസ്. ബൂസംറ അതിര്‍ത്തി വഴി വരുന്നവര്‍ക്കും ഈ ടെസ്റ്റ് ബാധകമാണ്. ടെസ്റ്റിനായുള്ള പ്രത്യേക സൌകര്യം ബൂസംറയില്‍ ഒരുക്കിയിട്ടുണ്ട്. അതെ സമയം വാക്സിനെടുക്കാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്, അവരുടെ രക്ഷിതാക്കള്‍ വാക്സിനെടുത്തവരാണെങ്കിലും, ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് കുട്ടിയുടെ കൂടെ നില്‍ക്കാം.

നിലവില്‍ ഖത്തറില്‍ കഴിയുന്ന മറ്റ് രാജ്യക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ സൌകര്യമുണ്ട്. ഇതിനായി ഒരു മാസത്തെ സന്ദര്‍ശക വിസ ലഭ്യമാണ്. യാത്ര കഴിഞ്ഞ് തിരിച്ച് ഖത്തറിലേക്ക് വരുമ്പോള്‍ മേല്‍പ്പറഞ്ഞ ക്വാറന്‍റൈന്‍ ഇളവുകള്‍ ലഭ്യമാകും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഎഇ ഒഴികെയുള്ള മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് ഖത്തറിലുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. ബൂ സംറ കര അതിര്‍ത്തി വഴി നിലവില്‍ ഖത്തരി സ്വദേശികള്‍ക്ക് മാത്രമേ യാത്ര സാധ്യമാകൂ.

അതെ സമയം ഇന്ത്യയുള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിബന്ധനകള്‍ മാറ്റമില്ലാതെ തുടരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

Next Story