Quantcast

40 വര്‍ഷമായി പ്രവാസി, മരിച്ചപ്പോള്‍ ബന്ധുക്കള്‍ക്ക് അറിയേണ്ടിയിരുന്നത്... ഉള്ളുലയ്ക്കും കുറിപ്പ്

സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

MediaOne Logo

Web Desk

  • Published:

    8 Dec 2021 7:24 AM GMT

40 വര്‍ഷമായി പ്രവാസി, മരിച്ചപ്പോള്‍ ബന്ധുക്കള്‍ക്ക് അറിയേണ്ടിയിരുന്നത്... ഉള്ളുലയ്ക്കും കുറിപ്പ്
X

വര്‍ഷങ്ങളോളം പ്രവാസിയായി വിയര്‍പ്പൊഴുക്കിയിട്ട് ഒടുവില്‍ കുടുംബത്തിനു പോലും വേണ്ടാതാവുന്ന ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ അഷ്​റഫ്​ താമരശ്ശേരി. അജ്മാനില്‍ മരിച്ച പാലക്കാട് സ്വദേശിയായ രവിയെ കുറിച്ചാണ് അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്.

അഞ്ച് സഹോദരിമാരുടെ ഏക ആങ്ങള, ഒരു വലിയ കുടുംബത്തിന്‍റെ പ്രതീക്ഷ... ഇങ്ങനെ പ്രാരാബ്ധങ്ങളുടെ ഭാരവും പേറിയാണ് രവി 40 വര്‍ഷം മുന്‍പ് ഗള്‍ഫിലെത്തിയത്. സഹോദരിമാരുടെയും അവരുടെ മക്കളുടെയും കാര്യങ്ങള്‍ നോക്കുന്നതിനിടെ വിവാഹം കഴിക്കാന്‍ പോലും രവി മറന്നു. എല്ലാവരോടും ചിരിച്ചുകൊണ്ടു മാത്രം ഇടപെടുന്ന സ്വഭാവം. കഴിഞ്ഞ ദിവസം അജ്മനിലെ താമസ സ്ഥലത്ത് പതിവുപോലെ ഉറങ്ങാന്‍ കിടന്ന രവി രാവിലെയായിട്ടും എഴുന്നേറ്റതേയില്ല. നാട്ടില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ചിലർക്ക് അറിയേണ്ടിയിരുന്നത് 40 വർഷത്തെ സർവീസിൽ കിട്ടുന്ന പൈസയുടെ നോമിനി ആരാണെന്നാണെന്ന് അഷ്റഫ് താമരശ്ശേരി പറയുന്നു. അതൊക്കെ പിന്നത്തെ കാര്യമാണെന്നും മരിക്കുമ്പോൾ നാട്ടിൽ തന്നെ സംസ്കരിക്കണമെന്നതാണ് രവിയേട്ടന്‍റെ ആഗ്രഹമെന്നും പറഞ്ഞപ്പോൾ മനസില്ലാ മനസോടെ അവർ സമ്മതിക്കുകയായിരുന്നു. ഒരു സിനിമാ കഥ പോലെ വായിക്കുന്നവർക്ക് തോന്നിയേക്കാമെങ്കിലും, ഇത് തികച്ചും യാഥാർത്ഥ്യമാണെന്നും അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്നലെ മൂന്ന് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതിൽ പാലക്കാട് സ്വദേശി രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോൾ ഇവിടെത്തെ കുറച്ച് സുഹൃത്തുക്കൾ മാത്രമെ ഉണ്ടായിരുന്നുളളു. അവിവാഹിതനായ രവി കഴിഞ്ഞ 40 വർഷമായി അജ്മാനിലെ ഇന്‍റസ്ട്രിയല്‍ ഏരിയയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു.

എൺപത് കാലഘട്ടങ്ങളിലെ പ്രവാസി. അഞ്ച് സഹോദരിമാരിൽ ഏക ആങ്ങള, ഒരു വലിയ കുടുംബത്തിന്‍റെ ഏക പ്രതീക്ഷ. സ്വന്തമായി ഒരു കിടപ്പാടം, സഹോദരിമാരുടെ വിവാഹം, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ, നാട്ടുകാരുടെ ചെറിയ ചെറിയ ആവശ്യങ്ങൾ, അതൊക്കെ കഴിഞ്ഞ് വന്നപ്പോൾ വർഷങ്ങൾ പോയി, സ്വന്തം ജീവിതവും മറന്നു. സഹോദരിമാരുടെ വിവാഹങ്ങൾ മാത്രമല്ല അവരുടെ മക്കളുടെ കാര്യങ്ങൾക്കും രവിയേട്ടൻ ഉണ്ടായിരുന്നു. എപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ എല്ലാവരോടും പെരുമാറുന്ന രവിയേട്ടന്റെ ഉളളിൽ വേദനയുടെ വലിയ ഭാരം ഉണ്ടായിരുന്നു. അത് ആർക്കും മനസ്സിലാക്കാൻ പിടികൊടുക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.

പതിവ് പോലെ ജോലി കഴിഞ്ഞ് വന്ന ആ രാത്രി ഒന്നും കഴിക്കാൻ അയാളെ ശരീരം അനുവദിച്ചില്ലായിരുന്നു. ഒരു ചൂട് ശരീരത്തിലുണ്ടായിരുന്നു. സ്വന്തമായി പാചകം കഴിച്ച് മാത്രം പരിചയമുളള രവിയേട്ടൻ ഒരു കട്ടൻ കാപ്പി മാത്രം കഴിച്ച് കിടന്നു. രാവിലെ റൂമിലുളളവർ വന്ന് വിളിച്ചപ്പോൾ രവി എഴുന്നേറ്റില്ല. എന്നന്നേക്കുമായുളള ഒരു വലിയ യാത്രക്ക് അയാൾ പോയി. ആർക്കും ബാധ്യതയില്ലാതെ, മറ്റുളളവരെ സഹായിച്ച പുണ്യ ജന്മം. ബന്ധുക്കളെ വിളിച്ച് ഈ വിവരം പറയുമ്പോൾ എങ്ങനെയായിരുന്നു മരണമെന്നും കോവിഡോ മറ്റും ആണെങ്കിൽ അവിടെ തന്നെ അടക്കം ചെയ്യുവാനും പറഞ്ഞു. മറ്റ് ചിലർക്ക് അറിയേണ്ടത് 40 വർഷത്തെ സർവ്വീസിൽ കിട്ടുന്ന പൈസയുടെ നോമിനി ആരാണെന്നും അവരെ വിവരമറിയിക്കുവാനും എന്നോട് അവശ്യപ്പെട്ടു.

അതൊക്കെ പിന്നത്തെ കാര്യമാണെന്നും മരിക്കുമ്പോൾ നാട്ടിൽ തന്നെ സംസ്കരിക്കണമെന്നതാണ് രവിയേട്ടന്‍റെ ആഗ്രഹമെന്നും പറഞ്ഞപ്പോൾ മനസില്ലാ മനസോടെ അവർ സമ്മതിക്കുകയായിരുന്നു. ഒരു സിനിമാ കഥ പോലെ വായിക്കുന്നവർക്ക് തോന്നുകയാണെങ്കിൽ ഇത് തികച്ചും യാഥാർത്ഥ്യമാണ്. ഈ വർത്തമാന കാലഘട്ടത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ്. ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക. സ്വർത്ഥത വെടിയുക. ഇന്നത്തെ കാലഘട്ടത്തിനുസൃതമായി ജീവിക്കാൻ പഠിക്കുക, കാരണം ജീവനോടെ ഇരിക്കുന്ന എല്ലാവരെയും തേടി എത്തുന്ന ഒരേയൊരു അതിഥി, അത് മരണമാണ്.

ഇന്നലെ മൂന്ന് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ പാലക്കാട് സ്വദേശി രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോൾ...

Posted by Ashraf Thamarasery on Tuesday, December 7, 2021

TAGS :

Next Story