Quantcast

ബഹ്‌റൈൻ യാത്രാനിബന്ധനകൾ പുതുക്കി

ഇന്ത്യ ഉൾപ്പെടെ റെഡ്‌ലിസ്റ്റ് രാജ്യങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ മാറ്റമില്ല

MediaOne Logo

Web Desk

  • Published:

    23 Jun 2021 7:41 PM GMT

ബഹ്‌റൈൻ യാത്രാനിബന്ധനകൾ പുതുക്കി
X

വിവിധ രാജ്യങ്ങളിൽനിന്ന് ബഹ്‌റൈനിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പുതുക്കി നിശ്ചയിച്ചു. എന്നാൽ ഇന്ത്യ ഉൾപ്പെടെ റെഡ്‌ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് നിലവിലുള്ള നിയന്ത്രണങ്ങളിൽ മാറ്റമില്ല. ഈ രാജ്യങ്ങളിൽനിന്നുള്ള പ്രവേശനം ബഹ്‌റൈനിൽ റസിഡന്റ് വിസയുള്ളവർക്കും ബഹ്‌റൈൻ പൗരന്മാർക്കും മാത്രമായി പരിമിതപ്പെടുത്തിയത് തുടരും.

ബഹ്‌റൈനിലേക്കുള്ള പുതുക്കിയ യാത്രാനിബന്ധനകൾ ജൂൺ 25 മുതലാണ് നിലവിൽ വരുക. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്‌നാം എന്നീ റെഡ്‌ലിസ്റ്റിലുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള യാത്രാനിബന്ധനകൾ മാറ്റമില്ലാതെ തുടരും. ഈ രാജ്യങ്ങളിൽനിന്ന് പ്രവേശനം ബഹ്‌റൈനിൽ റസിഡൻസ് വിസയുള്ളവർ, ബഹ്‌റൈൻ പൗരന്മാർ എന്നിവർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയ നിബന്ധനക്ക് മാറ്റമില്ല. ഇവിടങ്ങളിൽനിന്ന് വരുന്നവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കുറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആറ് വയസിന് മുകളിലുള്ളവർക്ക് ഇത് ബാധകമാണ്. ർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം. എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തുമ്പോഴും തുടർന്ന് 10-ാം ദിവസവും പി.സി.ആർ പരിശോധന നടത്തണം.

കോവിഡ് പരിശോധനക്കുള്ള 24 ദിനാർ ബി അവെയർ ആപ്പ്, ബഹ്‌റൈൻ ഇ-ഗവൺമെൻറ് പോർട്ടൽ എന്നിവ വഴിയോ വിമാനത്താവളത്തിലെ കിയോസ്‌കിൽ കറൻസിയിലോ കാർഡ് വഴിയോ അടക്കാം. 14 ദിവസത്തിനിടെ റെഡ്‌ലിസ്റ്റ് രാജ്യങ്ങൾ വഴി യാത്ര ചെയ്തവർക്കും പ്രവേശനമുണ്ടാവില്ല. 10 ദിവസത്തെ നിർബന്ധ ക്വാറൻറീനും തുടരും. സ്വന്തം പേരിലോ നേരിട്ട് ബന്ധമുള്ള കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ സ്ഥലത്തോ എൻ.എച്ച്.ആർ.എ അംഗീകരിച്ച കേന്ദ്രത്തിലോ ആയിരിക്കണം ക്വാറന്റീൻ. ആറ് വയസിൽ താഴെയുള്ളവർക്ക് ഇളവുണ്ട്. കോവിഡ് വാക്‌സിൻ എടുത്തവരും എടുക്കാത്തവരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഈ നിബന്ധനകൾ ബാധകമായിരിക്കും.

റെഡ്‌ലിസ്റ്റിൽപെടാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അമേരിക്ക, യു.കെ, യൂറോപ്പ്, കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽനിന്ന് വാക്‌സിനേഷൻ പൂർത്തീകരിക്കുകയും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തവർക്ക് ക്വാറൻറീൻ ആവശ്യമില്ല. ഇവർ യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ടെസ്റ്റും ബഹ്‌റൈനിൽ എത്തിയ ശേഷമുള്ള രണ്ട് ടെസ്റ്റുകളും നടത്തണമെന്നും അധിക്യതർ അറിയിച്ചു.

TAGS :

Next Story