Quantcast

നാലു വനിതകളുള്‍പ്പെടെ 13 പുതിയ മന്ത്രിമാര്‍; ബഹ്‌റൈന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി

MediaOne Logo

Web Desk

  • Published:

    15 Jun 2022 3:17 PM GMT

നാലു വനിതകളുള്‍പ്പെടെ 13 പുതിയ മന്ത്രിമാര്‍;  ബഹ്‌റൈന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി
X

ബഹ്‌റൈന്‍ മന്ത്രിസഭയില്‍ സമൂല അഴിച്ചുപണി നടത്തി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. നാല് വനിതകളുള്‍പ്പെടെ 13 മന്ത്രിമാരെയാണ് പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില മന്ത്രിമാരുടെ വകുപ്പുകള്‍ വിഭജിച്ച് പുതിയ മന്ത്രിമാര്‍ക്ക് ചുമതല നല്‍കി. നാല് പുതിയ വകുപ്പുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

സുസ്ഥിര വികസനം, നിയമകാര്യം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് പുതുതായി രൂപവത്കരിച്ച വകുപ്പുകള്‍. പുനഃസംഘടനയോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 24 ആയി. മുനിസിപ്പല്‍, കാര്‍ഷിക മന്ത്രാലയം പൊതുമരാമത്തില്‍നിന്നും വേര്‍പെടുത്തി. മുനിസിപ്പല്‍, കാര്‍ഷികകാര്യ മന്ത്രിയായി നേരത്തെ വൈദ്യുതി, ജലകാര്യ മന്ത്രിയായ വാഇല്‍ അല്‍മുബാറകിനെയും പൊതുമരാമത്ത് കാര്യ മന്ത്രിയായി ഇബ്രാഹിം അല്‍ ഹവാജിനെയും നിയമിച്ചു.

തൊഴില്‍ മന്ത്രാലയത്തില്‍നിന്നും സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം വേര്‍പെടുത്തുകയും ജമീല്‍ മുഹമ്മദ് അലി ഹുമൈദാനെ തൊഴില്‍ മന്ത്രിയായി സ്ഥിരപ്പെടുത്തുകയും ഉസാമ അല്‍ അസ്ഫൂറിനെ സാമൂഹിക ക്ഷേമകാര്യ മന്ത്രിയായും നിയമിച്ചു. നഗരാസൂത്രണ കാര്യ മന്ത്രാലയത്തെ പാര്‍പ്പിട മന്ത്രാലയത്തില്‍ ലയിപ്പിക്കുകയും ആമിന അല്‍ റുമൈഹിയെ ചുമതലയേല്‍പിക്കുകയും ചെയ്തു.

പുതിയ മന്ത്രിമാര്‍ക്ക് വനിത സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സന്‍ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫ ആശംസകള്‍ നേര്‍ന്നു. അധികാര മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും നടപടികളെടുത്ത രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരെയും അവര്‍ അഭിനന്ദിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും സത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

TAGS :

Next Story