46-ാമത് ജിസിസി ഉച്ചകോടി ബഹ്റൈനിൽ
ഉച്ചകോടി ഡിസംബർ മൂന്നിന്

മനാമ: 46-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിക്ക് ബഹ്റൈൻ ആതിഥേയത്വം വഹിക്കും. ഡിസംബർ 3-നാണ് പരിപാടി. ഉച്ചകോടിയുടെ ലോഗോ പുറത്തിറക്കിയിട്ടുണ്ട്. എട്ടാം തവണയാണ് ബഹ്‌റൈൻ ജിസിസി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ജിസിസിയിലെ രാഷ്ട്ര നേതാക്കളെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
1981 മേയ് 25ന് ആറ് രാജ്യങ്ങൾ ചേർന്നാണ് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ രൂപീകരിച്ചത്. രാജ്യാന്തര സഹകരണ പ്രസ്ഥാനമായ ജിസിസിയുടെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദിലാണ്. സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നിവയാണ് അംഗരാജ്യങ്ങൾ. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയും സൈനിക -രാഷ്ട്രീയ സഹകരണവുമാണ് മുഖ്യ ലക്ഷ്യം.
അതേസമയം, ജിസിസി ഉച്ചകോടിക്ക് മുന്നോടിയായി ജിസിസി മന്ത്രിതല കൗൺസിലിന്റെ 166-ാമത് തയ്യാറെടുപ്പ് യോഗം നടന്നു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും നിലവിലെ ജിസിസി മന്ത്രിതല സെഷന്റെ ചെയർമാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷത വഹിച്ചു. ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ സെഷനിൽ നേതൃത്വം നൽകിയതിന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യക്കും യോഗം സംഘടിപ്പിച്ച സെക്രട്ടറി ജനറൽ അൽബുദൈവിക്കും ജിസിസി സെക്രട്ടേറിയറ്റ് ജീവനക്കാർക്കും വിദേശകാര്യ മന്ത്രി നന്ദി പറഞ്ഞു.
46-ാമത് ജിസിസി ഉച്ചകോടി സഹകരണം വർധിപ്പിക്കാനും പ്രാദേശിക ഐക്യം കൈവരിക്കാനുമുള്ള ജിസിസി രാജ്യങ്ങളുടെ പ്രതിബദ്ധതയെ കാണിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷങ്ങളിൽ പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളെ നേരിടാനുള്ള കഴിവ് ജിസിസി പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ അതിന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നും ഡോ. അൽ സയാനി അഭിപ്രായപ്പെട്ടു. ഗൾഫിലെ വികസന നേട്ടങ്ങൾ മികച്ച ആസൂത്രണത്തിന്റെയും വിവേകപൂർണമായ കാഴ്ചപ്പാടിന്റെയും ഉദാഹരണമായി മാറിയിരിക്കുന്നുവെന്നും ഇവ ആഗോള അംഗീകാരം നേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂട്ടായ പ്രവർത്തനത്തിന്റെ ഫലത്തെക്കുറിച്ചുള്ള നിരന്തര വിലയിരുത്തൽ, ജിസിസിയുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങൾ സ്വീകരിക്കൽ, ജിസിസി പൗരന്മാരെ സേവിക്കാനുള്ള തുടർശ്രമങ്ങൾ, അറബ് സമൂഹത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കൽ, അറബ് ദേശീയ സുരക്ഷ, ആഗോള സമാധാനവും സുസ്ഥിര വികസനവും നിലനിർത്താൻ അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കൽ എന്നിവയുടെ പ്രാധാന്യം വിദേശകാര്യ മന്ത്രി പറഞ്ഞു.
Adjust Story Font
16

