Quantcast

പലിശ വിരുദ്ധ ബോധവൽക്കരണ പ്രവർത്തനം വിപുലപ്പെടുത്തും

MediaOne Logo

Web Desk

  • Published:

    10 Feb 2022 5:01 AM GMT

പലിശ വിരുദ്ധ ബോധവൽക്കരണ പ്രവർത്തനം വിപുലപ്പെടുത്തും
X

ബഹ്റൈനിൽ പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുകയും പലിശ വിരുദ്ധ ബോധവൽക്കരണ കൺവെൻഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് പലിശ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.

സാധാരണക്കാരായ പ്രവാസികളെ നിയമവിരുദ്ധമായി വീണ്ടും പലിശക്കാർ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. പാസ്‌പോർട്ടും ബ്ലാങ്ക് പേപ്പറിലും അല്ലാതെയും ഒപ്പിട്ടു നൽകിയ മറ്റു രേഖകളും പലിശക്കാർക്ക് നൽകിയാണ് മിക്കവരും പലിശ മാഫിയയിൽ നിന്നും പണം വാങ്ങുന്നത്. വാങ്ങിയ കാശിന്റെ എത്രയോ മടങ്ങ് തിരിച്ചു കൊടുത്താലും ഇവരുടെ ചൂഷണത്തിൽ നിന്നും പലർക്കും മുക്തമാവാൻ സാധിക്കാത്തതിൻറെ നിരവധി ആവലാതികൾ ബഹ്റൈനിലെ പലിശ വിരുദ്ധ സമിതിയുടെ മുമ്പാകെ വരുന്ന സാഹചര്യത്തിലാണ് ഇത്തരം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

പലിശ മുടങ്ങിയാൽ പിന്നെ ഭീഷണിയും അക്രമവുമാണ്. നേരത്തെ ഒപ്പിട്ടു കൊടുത്ത ബ്ളാങ്ക് മുദ്രപത്രത്തിൽ പലിശക്കാരന് ഇഷ്ടമുള്ള തുക എഴുതി ചേർത്ത് കള്ളക്കേസ് കൊടുക്കുകയും ചെയ്യും. യാതൊരു കാരണവശാലും തങ്ങളുടെ പാസ്പോർട്ടോ ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രമോ ഈടായി പലിശക്കാർക്ക് നൽകരുതെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.

പലിശവിരുദ്ധ സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കും പലിശക്കെണിയിൽ പെട്ട് പ്രയാസമനുഭവിക്കുന്നവർക്കും സമിതി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. യോഗത്തിൽ ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദിജീഷ് സ്വാഗതവും മനോജ് വടകര നന്ദിയും പറഞ്ഞു. പ്രവർത്തക സമിതി അംഗങ്ങളായ വിനു കൃസ്റ്റി, മണിക്കുട്ടൻ, ബദറുദ്ധീൻ പൂവാർ, അഷ്‌കർ പൂഴിത്തല, ഷാജി മൂതല തുടങ്ങിയവർ സംസാരിച്ചു.

TAGS :

Next Story