ബഹ്റൈനിൽ 74,885 ദിനാറിൻ്റെ നികുതി വെട്ടിപ്പ്, ഏഷ്യക്കാരന് അഞ്ച് വർഷം തടവും 3,000 ദിനാർ പിഴയും
27 ബാങ്ക് കാർഡുകൾ ഉപയോഗിച്ചാണ് ആസൂത്രിതമായി പ്രതി ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്

മനാമ: 74,885 ദിനാറിൻ്റെ നികുതി തട്ടിപ്പ് നടത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏഷ്യൻ പൗരന് ബഹ്റൈനിൽ അഞ്ച് വർഷം തടവും 3,000 ദിനാർ പിഴയും. 27 ബാങ്ക് കാർഡുകൾ ഉപയോഗിച്ചാണ് ആസൂത്രിതമായി പ്രതി ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. സ്ഥിരീകരിച്ച 32 ഇടപാടുകളും സ്ഥിരീകരിക്കാത്ത 12 ഇടപാടുകളും പ്രതി നികുതി തട്ടിപ്പിനായി നടത്തിയെന്ന് കോടതി കണ്ടെത്തി. കമ്പനികളുടെ നികുതികളും സർക്കാർ ബില്ലുകളും അടക്കുന്നതിനായി മോഷ്ടിച്ചതോ അനധികൃതമായതോ ആയ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അഞ്ച് വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവുണ്ട്.
അതേസമയം, തട്ടിപ്പിൽ പങ്കാളിയാണെന്ന് ആരോപിച്ച് കേസിൽ പ്രതിചേർക്കപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനെ കോടതി വെറുതേവിട്ടു. കുറ്റകൃത്യത്തിൽ ഇയാൾ ഉൾപ്പെട്ടതിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.
കാനഡ, യുഎസ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ബാങ്ക് കാർഡുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. നാഷണൽ റെവന്യൂ അതോറിറ്റിയുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയും ബാങ്കിങ് കമ്പനിയുടെ ഗേറ്റ്‌വേ വഴിയും പണമടച്ചതിന് പിന്നിൽ ഏഷ്യൻ പൗരന്റെ പങ്ക് തെളിയിക്കാൻ സാധിച്ചു. ഈ കാർഡുകൾ മോഷണം പോയതോ അനധികൃതമായതോ ആണെന്ന് ബാങ്കുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഡാർക്ക് വെബ്ബിൽ നിന്നാണ് പ്രതി ഇത്തരത്തിലുള്ള കാർഡുകൾ സ്വന്തമാക്കിയത്.
Adjust Story Font
16

