പ്രവാസികളുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ നിർണായക നീക്കവുമായി ബഹ്റൈൻ
വ്യാജ ബിരുദവുമായി പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാനടപടികളാകും തട്ടിപ്പുകാരെ കാത്തിരിക്കുന്നത്

മനാമ: പ്രവാസികളുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ നിർണായക നീക്കവുമായി ബഹ്റൈൻ. ബഹ്റൈനിലെ സർക്കാർ മന്ത്രാലയങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളുടെ സർവകലാശാല ബിരുദമടക്കമുള്ളവ പ്രത്യേക സമിതി പരിശോധിക്കും. ഈ മേഖലയിലെ സ്ഥിരം ജോലിക്കാരും കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുമടക്കമുള്ള പ്രവാസികൾക്ക് പരിശോധന ബാധകമാകും.
വ്യാജ അക്കാദമിക് യോഗ്യതകളുമായി എത്തുന്നവർ മൂലം ബഹ്റൈൻ തൊഴിൽ വിപണിയെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. നേരത്തേ കേരളത്തിലെ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധപ്പെട്ട വാർത്തകൾ ബഹ്റൈനിലും വ്യാപക ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് പാർലമെന്റിൽ ഇതുസംബന്ധിച്ച ചർച്ചകൾ കൂടുതൽ ശക്തമായത്.
വ്യാജ ബിരുദവുമായി പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാനടപടികളാകും തട്ടിപ്പുകാരെ കാത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ചാകും കമ്മിറ്റിയുടെ പരിശോധനാ നടപടികൾ. ഔദ്യോഗിക ചാനലുകൾ വഴി സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യാൻ ബന്ധപ്പെട്ട രാജ്യങ്ങളുടെ വിവിധ വകുപ്പുകളുമായും കമ്മിറ്റി ഏകോപിച്ച് പ്രവർത്തിക്കും.
Adjust Story Font
16

