ഉച്ച വിശ്രമ നിയമം 99.96% കമ്പനികളും പാലിക്കുന്നതായി ബഹ്റൈൻ
കണ്ടെത്തിയത് ആറ് നിയമലംഘനങ്ങൾ മാത്രം

മനാമ: ബഹ്റൈനിലെ ഉച്ച വിശ്രമ നിയമം 99.96% കമ്പനികളും പൂർണമായി പാലിക്കുന്നതായി അധികൃതർ. 17,600 പരിശോധനകളിൽ റിപ്പോർട്ട് ചെയ്തത് ആറ് നിയമലംഘനങ്ങൾ മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് 4 മണിവരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് പുറം ജോലി ചെയ്യിക്കരുത് എന്ന നിയമമാണ് രാജ്യത്തെ ബഹുഭൂരിപക്ഷം കമ്പനികളും പാലിക്കുന്നത്. ഉച്ചക്ക് 12 മുതൽ വൈകിട്ട് നാല് വരെ തൊഴിലാളികളെ തുറസായ സ്ഥലത്ത് ജോലി ചെയ്യിക്കരുത് എന്ന നിയമം സംബന്ധിച്ച് വിവിധ കമ്പനികൾക്ക് മന്ത്രാലയം നോട്ടീസ് നൽകിയത് പ്രകാരം സ്ഥാപനങ്ങളും തൊഴിലുടമകളും നിയമത്തോട് മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്.
സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലിടങ്ങളിലെ അപകടം കുറക്കുന്നതിനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും ഈ വർഷം മൂന്ന് മാസക്കാലം ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത് ഈ ലക്ഷ്യത്തോടെയാണെന്നും തൊഴിൽ വകുപ്പ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കടുത്ത വേനൽച്ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത് ഈ വർഷം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മൂന്നുമാസക്കാലത്തേക്ക് ദീർഘിപ്പിച്ചിരുന്നു. 2013 മുതൽ നടപ്പിലാക്കി വരുന്ന നിയമം കടുത്ത വേനൽച്ചൂടിൽ നിന്നും തൊഴിലിടങ്ങളിലെ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനുദ്ദേശിച്ചാണ് നടപ്പാക്കുന്നത്.
തൊഴിലുടമകൾക്ക് നിയമം സംബന്ധിച്ച് നിർദേശം നൽകുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. കഴിഞ്ഞ വർഷം 98 ശതമാനം കമ്പനികളും നിയമം നടപ്പാക്കിയിരുന്നു. നിയമം നടപ്പാക്കാത്ത തൊഴിലുടമക്ക് മൂന്നു മാസത്തിൽ കൂടാത്ത തടവും 500 മുതൽ 1000 ദിനാർ വരെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

