Quantcast

ബഹ്റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം; നിയമഭേദഗതിക്ക് ശൂറ കൗൺസിൽ അംഗീകാരം

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വിപുല നിയമപരിഷ്‌കാരം നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    23 Dec 2025 8:00 PM IST

Bahrain Shura Council approved legal amendments to improve the quality of private education sector
X

മനാമ: ബഹ്റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അംഗീകാരം. 1998ലെ നിയമത്തിൽ പുതുതായി 36 അനുച്ഛേദങ്ങൾ കൊണ്ടുവരുന്ന ഭേദഗതിയാണ് ശൂറാ കൗൺസിൽ അംഗീകരിച്ചത്.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ഇത്രയും വിപുലമായ നിയമപരിഷ്‌കാരം നടക്കുന്നത്. ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകളുടെയും വിദ്യാർഥികളുടെയും എണ്ണം ഇരട്ടിയായി വർധിച്ച സാഹചര്യത്തിൽ പഴയ നിയമം പര്യാപ്തമാകില്ലെന്ന വിലയിരുത്തലിലാണ് ഭേദഗതി. ഭേദഗതിയിലെ പ്രധാന നിർദേശങ്ങൾ പ്രകാരം നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ എന്നിവയുൾപ്പെടെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി മുതൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വർധനവ് സാധിക്കില്ല. ഫീസ് വർധനവിനായി സുതാര്യമായ അപ്പീൽ സംവിധാനവും മന്ത്രാലയം ഏർപ്പെടുത്തും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസൻസിങ് നടപടികൾ കൂടുതൽ എളുപ്പമാക്കും. മന്ത്രാലയത്തിന്റെ പ്രാഥമിക അംഗീകാരത്തിന് ശേഷം മാത്രം മറ്റ് അതോറിറ്റികളിൽ നിന്ന് അനുമതി തേടിയാൽ മതിയാകും. സ്വകാര്യ സ്‌കൂളുകളിൽ രക്ഷിതാക്കളുടെ കൗൺസിലുകൾ ഉറപ്പാക്കും. ഇത് സ്‌കൂൾ മാനേജ്മെന്റിന്റെ ഉത്തരവാദിത്തം വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

സ്‌കൂൾ ജീവനക്കാരുടെ നിയമനത്തിന് മുൻപ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കർശന പരിശോധനകൾ നടത്തും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ 1,00,000 ദിനാർ വരെയാകും പിഴയടക്കേണ്ടി വരിക. ഗുരുതര നിയമലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവ് ശിക്ഷയും ലൈസൻസ് റദ്ദാക്കലുൾപ്പെടെയുള്ള നടപടികളും നേരിടേണ്ടി വരും.

TAGS :

Next Story