ബഹ്റൈനിലെ ടൂറിസം മേഖലയിൽ ക്രമക്കേടുകൾ;ജുഫൈർ, അദ്‌ലിയ പ്രദേശങ്ങളിൽ കണ്ടെത്തിയത് 103 നിയമലംഘനങ്ങൾ
ഈ വർഷം നടത്തിയ 779 പരിശോധനകളിലാണ് ഇത്രയും ക്രമക്കേടുകൾ കണ്ടെത്തിയത്

മനാമ: ബഹ്‌റൈനിലെ ജുഫൈർ, അദ്‌ലിയ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ടൂറിസം മന്ത്രാലയം നടത്തിയ പരിശോധനകളിൽ 103 നിയമലംഘനങ്ങൾ കണ്ടെത്തി. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, ടൂറിസ്റ്റ് റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഈ വർഷം നടത്തിയ 779 പരിശോധനകളിലാണ് ഇത്രയും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത്. ജനവാസ കേന്ദ്രങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും നടക്കുന്ന നിയന്ത്രണമില്ലാത്ത ടൂറിസം പ്രവർത്തനങ്ങളെക്കുറിച്ച് എം.പി ഹസൻ ഈദ് ബുഖമ്മാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം കണക്കുകൾ വ്യക്തമാക്കിയത്. ഇതുവരെ 106 ടൂറിസ്റ്റ് റെസ്റ്റോറന്റുകൾ, 39 ഹോട്ടലുകൾ, 45 ഫർണിഷ്ഡ് അപ്പാർട്ടുമെന്റുകൾ എന്നിവിടങ്ങളിൽ പരിശോധന പൂർത്തിയാക്കി.
സാമ്പത്തിക ക്രമക്കേടുകളും ലൈസൻസ് നിബന്ധനകളുടെ ലംഘനങ്ങളുമാണ് സ്ഥാപനങ്ങൾക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. പിഴ, അടച്ചുപൂട്ടൽ തുടങ്ങിയ ശിക്ഷാ നടപടികൾ ഇവർക്കെതിരെ സ്വീകരിച്ചിട്ടുണ്ട്. 'സിജിലാത്ത്' സംവിധാനം വഴി ജനവാസ മേഖലകളിൽ ടൂറിസ്റ്റ് ഫ്ലാറ്റുകൾ പ്രവർത്തിക്കുന്നത് തടയാൻ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി കർശന നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
Adjust Story Font
16

