Quantcast

ഇന്ത്യൻ സ്‌കൂളിനെതിരായ പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഭരണസമിതി

MediaOne Logo

Web Desk

  • Published:

    21 Jan 2022 1:54 PM GMT

ഇന്ത്യൻ സ്‌കൂളിനെതിരായ  പ്രചാരണം  അടിസ്ഥാന രഹിതമെന്ന് ഭരണസമിതി
X

ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയുടെ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ചിലർ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതവും സ്‌കൂളിന്റെ സൽപ്പേരിനു കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഇന്ത്യൻ സ്‌കൂൾ അധികൃതർ വ്യക്തമാക്കി. അത്തരം വ്യാജ പ്രചാരണങ്ങൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങളുടെ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾക്കും എതിരാണ്. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി 2020 ഡിസംബറിൽ അവസാനിക്കുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സംബന്ധിച്ച് സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കോവിഡ് സാഹചര്യത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടത്താൻ പറ്റാത്ത അവസ്ഥയിൽ നിലവിലെ ഭരണ സമിതിയുടെ കാലാവധി ഒരു ടേം കൂടി നീട്ടാൻ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിരുന്നു.

അതെ സമയം വിദ്യാഭ്യാസ മന്ത്രാലയം നൽകിയ അനുമതിക്കെതിരെ ഒരു രക്ഷിതാവ് കേസ് ഫയൽ ചെയ്തു. ഈ ഹരജി സുപ്രീം അഡ്മിനിസ്ട്രേറ്റീവ് കോടതി റദ്ദാക്കി. പക്ഷെ ഈ വിധിക്കെതിരെ പ്രസ്തുത രക്ഷിതാവ് സുപ്രീം സിവിൽ അപ്പീൽ കോടതിയിൽ ഒരു അപ്പീൽ ഫയൽ ചെയ്തു. എന്നാൽ കോടതി മുൻ വിധി ശരിവക്കുകയായിരുന്നു. ഇന്ത്യൻ സ്കൂളിൽ നിന്നുള്ള സർക്കുലറിലൂടെ ഈ വിവരം എല്ലാ രക്ഷിതാക്കളെയും അറിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി വിധിയെയും വിദ്യാഭ്യാസ മന്ത്രാലയത്തെയും അവഗണിച്ച് ഇന്ത്യൻ സ്‌കൂളിനെതിരെ ചിലർ സോഷ്യൽ മീഡിയയിൽ ചിലർ പ്രചാരണം നടത്തുന്നത്. ജനുവരി 21നു വെള്ളിയാഴ്ച നടക്കുന്ന സ്‌കൂളിന്റെ വാർഷിക പൊതുയോഗത്തിനു മുന്നോടിയായി സ്‌കൂളിനെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുന്നവർ രക്ഷാകർതൃ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.

സ്‌കൂൾ ഭരണസമിതി അംഗങ്ങൾ അവരുടെ ഭരണകാലയളവിൽ രക്ഷിതാക്കളായിരിക്കണം എന്ന ഏകകണ്ഠമായ നിലപാടാണ് സ്കൂൾ ഭരണസമിതിക്കുള്ളത്. 2021 സപ്തംബർ വരെ നിലവിലെ ചെയർമാനും സെക്രട്ടറിയും സ്‌കൂളിന്റെ രക്ഷിതാക്കളായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മാത്രമാണ് അവർ ഇപ്പോൾ ഈ സ്ഥാനങ്ങളിൽ തുടരുന്നത്.ഇക്കഴിഞ്ഞ സി.ബി.എസ്. ഇ പത്തും പന്ത്രണ്ടും പരീക്ഷകളിൽ ഇന്ത്യൻ സ്‌കൂൾ മികച്ച നേട്ടം കൈവരിച്ചിരുന്നു. ഭരണ സമിതിയുടെ മികച്ച പിന്തുണയോടെ സ്‌കൂൾ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനു സാക്ഷ്യമാണ് ഈ നേട്ടം.

സുതാര്യമായ ഭരണം, അനാവശ്യ ചെലവുകൾ ഒഴിവാക്കൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ നൂതന സാങ്കേതികവിദ്യയിലൂടെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുനൽകുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക, അധ്യാപകർക്ക് അനുകൂലമായ പ്രവർത്തന അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവ ഭരണസമിതി ലക്ഷ്യമിടുന്നു. ഇക്കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 4578 വിദ്യാർത്ഥികളിൽ നിന്ന് 698217 ദിനാർ ഫീസ് കുടിശ്ശിക ഉണ്ട് . ഇത് സ്‌കൂളിന് സാമ്പത്തിക പരിമിതികളുണ്ടാക്കുന്നു. ഇപ്പോൾ ശമ്പളത്തിന്റെ 25% കുടിശ്ശിക മൂന്നു മാസത്തേതു മാത്രമായി ചുരുക്കാൻ കഴിഞ്ഞു. സാമ്പത്തിക നില മെച്ചപ്പെടുന്നതിനു അനുസരിച്ച് മുഴുവൻ കുടിശികയും കൊടുത്തു തീർക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഭരണ ചെലവ് നല്ല രീതിയിൽ കുറക്കാൻ സാധിച്ചു. ബഹ്‌റൈനിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മൊറട്ടോറിയം കാരണമാണ് സ്‌കൂൾ 'കടം തിരിച്ചടവ് മുടങ്ങിയത്' എന്ന് വ്യാജ പ്രചാരണം നടത്തുന്നവർ മനസിലാക്കുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം കൊവിഡ് ദുരിതാശ്വാസ സഹായം ഉൾപ്പെടെ അർഹരായ വിദ്യാർത്ഥികൾക്ക് 109000 ദിനാർ ഫീസ് ഇളവ് സ്കൂൾ നൽകാൻ സാധിച്ചു.

കോവിഡിനു ശേഷം സ്കൂൾ പ്രവർത്തനം സാധാരണ നിലയിലായി തിരഞ്ഞെടുപ്പിന് സാഹചര്യം അനുകൂലമാകുമ്പോൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സ്കൂൾ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ സ്‌കൂളിന്റെ യശസ്സിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന നിക്ഷിപ്ത താൽപ്പര്യമുള്ളവരെ കണ്ടെത്തി ഒറ്റപ്പെടുത്തണമെന്ന് രക്ഷിതാക്കളോട് സ്‌കൂൾ ഭരണ സമിതി അഭ്യർത്ഥിച്ചു.

TAGS :

Next Story