Quantcast

സി.ബി.എസ്.ഇ 11ാം ക്ലാസ്: ബഹ്‌റൈനില്‍ അധ്യയനം നടക്കാത്ത മാസങ്ങളിലെ ഫീസ് വാങ്ങുന്നതായി രക്ഷിതാക്കളുടെ പരാതി

MediaOne Logo

Web Desk

  • Published:

    12 Jun 2022 9:55 AM GMT

സി.ബി.എസ്.ഇ 11ാം ക്ലാസ്: ബഹ്‌റൈനില്‍ അധ്യയനം നടക്കാത്ത  മാസങ്ങളിലെ ഫീസ് വാങ്ങുന്നതായി രക്ഷിതാക്കളുടെ പരാതി
X

ബഹ്‌റൈനിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 11ാം ക്ലാസ് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അധ്യയനം നടക്കാത്ത മാസങ്ങളിലെ ഫീസ് കൂടി അടക്കേണ്ടി വരുന്നതായി രക്ഷിതാക്കളുടെ പരാതി. മേയ് അവസാന ആഴ്ചയാണ് ഈ വര്‍ഷത്തെ 11ാം ക്ലാസുകാരുടെ അധ്യയനം തുടങ്ങിയത്.

എന്നാല്‍, അഞ്ചുദിവസത്തെ ക്ലാസ് മാത്രം നടത്തിയതിന് ഏപ്രില്‍, മേയ് മാസങ്ങളിലെ മുഴുവന്‍ ഫീസും വാങ്ങുന്നതായാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും വലയ്ക്കുന്ന തങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയുന്നതല്ലെന്നും അവര്‍ പറയുന്നു.

അധ്യയനം നടക്കാത്ത മാസങ്ങളിലെ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുന്നത് ന്യായമല്ലെന്ന് വാദിക്കുന്ന രക്ഷിതാക്കള്‍ ഫീസില്‍ ഇളവ് നല്‍കാന്‍ സ്‌കൂളുകള്‍ തയാറാകണമെന്നും ആവശ്യപ്പെടുന്നു. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ സി.ബി.എസ്.ഇ ഗള്‍ഫ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ഏപ്രില്‍, മേയ് മാസങ്ങളിലെ ഫീസ് ഈടാക്കുന്നതെന്ന് സ്‌കൂള്‍ പ്രതിനിധികള്‍ പ്രതികരിച്ചു. കൗണ്‍സിലിന്റെ ബഹ്‌റൈന്‍ ചാപ്റ്ററും ഈ തീരുമാനമെടുത്തിട്ടുണ്ട്.

സാധാരണ, ഏപ്രില്‍ മാസത്തിലാണ് 11ാം ക്ലാസ് അധ്യയനം ആരംഭിക്കുന്നത്. കോവിഡ് കാരണം ഇത്തവണ പത്താം ക്ലാസ് പരീക്ഷ വൈകിയതാണ് അധ്യയനം തുടങ്ങുന്നത് നീണ്ടുപോകാന്‍ ഇടയാക്കിയത്. ക്ലാസ് തുടങ്ങാന്‍ വൈകിയെങ്കിലും മുഴുവന്‍ പാഠഭാഗങ്ങളും കൃത്യസമയത്ത് തീര്‍ക്കാനും മറ്റ് പഠന പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകര്‍ അധികസമയം ചെലവഴിക്കേണ്ടിവരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പിന് ന്യായമായ ഫീസ് ഈടാക്കേണ്ടത് അനിവാര്യമാണെന്നും സ്‌കൂളുകള്‍ പറയുന്നു.

TAGS :

Next Story