Quantcast

'ബഹ്‌റൈനിലെ താമസ കെട്ടിടങ്ങളിൽ സിസിടിവി കാമറകൾ നിർബന്ധമാക്കണം'; നിർദേശവുമായി എം.പിമാർ

രാജ്യത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം

MediaOne Logo

Web Desk

  • Published:

    9 Jun 2025 5:35 PM IST

ബഹ്‌റൈനിലെ താമസ കെട്ടിടങ്ങളിൽ സിസിടിവി കാമറകൾ നിർബന്ധമാക്കണം; നിർദേശവുമായി എം.പിമാർ
X

മനാമ: ബഹ്‌റൈനിലെ താമസ കെട്ടിടങ്ങളിൽ സി.സി.ടി.വി കാമറകൾ നിർബന്ധമാക്കണമെന്ന നിർദേശവുമായി എം.പിമാർ. രാജ്യത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം. വീടുകൾ, വില്ലകൾ, അപ്പാർട്‌മെൻറ് കെട്ടിടങ്ങൾ, പാർപ്പിട കോമ്പൗണ്ടുകൾ തുടങ്ങിയിടത്തെല്ലാം നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. മോഷണം, പൊതു സ്വകാര്യ മുതലുകൾ നശിപ്പിക്കൽ, നിയമവിരുദ്ധമായ റേസിങ് എന്നിവയുൾപ്പെടെ രാജ്യത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാൻ ഇതുവഴി സാധിക്കും എന്നാണ് വിലയിരുത്തൽ. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് ചെയർമാൻ അഹ്‌മദ് അൽ സല്ലൂമിൻറെ നേതൃത്വത്തിൽ ഒരുകൂട്ടം എം.പിമാരാണ് ആവശ്യം മുന്നോട്ടുവെച്ചത്. നിർദേശം വിവിധ മുനിസിപ്പൽ കൗൺസിലുകളും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡും അവലോകനം ചെയ്തുവരുകയാണ്.

പൊതുസമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ കുറ്റകൃത്യങ്ങളെ നേരിടാൻ ബഹ്‌റൈൻ തയാറാകേണ്ടതുണ്ടെന്നും ഇതിനായി പ്രധാന റോഡുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും പുറമെ, രാജ്യമെമ്പാടും നിരീക്ഷണ കാമറകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും എംപിമാർ പറയുന്നു. സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമല്ല കാമറകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും പൊതുസുരക്ഷയാണ് ഉന്നം വെക്കുന്നതെന്നും സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ രാജ്യത്തെ താമസക്കാർക്ക് ഉറപ്പുനൽകി. സുരക്ഷിതവും ശാന്തവുമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നത് ഗവർൺമെന്റിന്റെ ഉത്തരവാദിത്തമാണെന്നും അതുറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story