ബഹ്റൈനിലെ ഡെലിവറി കമ്പനികൾ രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് നിർദേശം
കാർബൺ ബഹിർഗമനം കുറക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം

മനാമ: ബഹ്റൈനിലെ ഡെലിവറി കമ്പനികൾ രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന നിർദേശവുമായി എം.പിമാർ. പാർലമെന്റ് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗങ്ങളാണ് നിർദേശവുമായി രംഗത്തുവന്നത്.
നിർദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ ബഹ്റൈനിലെ ഡെലിവറി മേഖലയിലെ ഏറ്റവും വലിയ പരിസ്ഥിതി പരിഷ്കാരങ്ങളിൽ ഒന്നായി ഇത് മാറും. കാർബൺ ബഹിർഗമനം കുറക്കുന്നതിനും രാജ്യത്തിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം. ബ്ലോക്ക് പ്രസിഡന്റും പാർലമെന്റിന്റെ സാമ്പത്തിക, കാര്യ സമിതി ചെയർമാനുമായ അഹമ്മദ് അൽ സല്ലൂമാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ബഹ്റൈൻ ഗവർൺമെന്റിന്റെ ഊർജ പരിവർത്തന ശ്രമങ്ങളെ പിന്തുണക്കുക, പരിസ്ഥിതി സൗഹൃദ നിക്ഷേപത്തിന് ഊന്നൽ കൊടുക്കുക, വായു മലിനീകരണം കുറക്കുക എന്നിവയും ഈ നിർദേശത്തിന് പിന്നിലുണ്ട്.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപത്തെ ഉത്തേജിപ്പിക്കുകയും ബിസിനസുകളുടെ ദീർഘകാല പ്രവർത്തന ചെലവ് കുറക്കുകയും നഗരങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അൽ സല്ലൂം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ, ഊർജ പദ്ധതികൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ പുതിയ മാറ്റങ്ങൾക്ക് ശരിയായ അടിത്തറ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പിലാക്കിയാൽ, ഡെലിവറി കമ്പനികൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് രണ്ട് വർഷത്തെ ന്യായമായ ഗ്രേസ് പിരീഡ് നൽകാമെന്ന് പാർലമെന്റിന്റെ നിയമനിർമാണ, നിയമകാര്യ സമിതി വൈസ് ചെയർമാൻ അലി അൽ ദോസരി വാദിച്ചു.
നികുതി ആനുകൂല്യങ്ങൾ, ഗ്രാന്റുകൾ, അല്ലെങ്കിൽ ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് കുറഞ്ഞ പലിശ വായ്പകൾ എന്നിവയിലൂടെ ഈ മാറ്റം സുഗമമാക്കുന്നതിൽ സർക്കാരിന് പ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർദേശം തുടർ അവലോകനത്തിനായി ബന്ധപ്പെട്ട കമ്മിറ്റിക്ക് കൈമാറും.
Adjust Story Font
16

