അനാവശ്യമായി പ്രധാന പാതകൾ ഉപയോഗിക്കരുത്: ബഹ്‌റൈൻ
എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

മനാമ: മേഖലയിൽ യുദ്ധ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുമായി ബഹ്‌റൈൻ. അനാവശ്യമായി പ്രധാന പാതകൾ ഉപയോഗിക്കരുതെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ജനങ്ങൾ പ്രധാന റോഡുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അധികൃതർക്ക് റോഡുകൾ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് പുതിയ നടപടി.
ഇതിനുപുറമേ ബഹ്‌റൈനിലെ മന്ത്രാലയങ്ങളിലേയും ഗവൺമെന്റ് സർവീസുകളിലേയും 70% ജീവനക്കാർക്ക് സിവിൽ സർവീസ് ബ്യൂറോ വർക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തൽസ്ഥിതി തുടരുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമുൻകരുതലിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർ ഗാർട്ടനുകൾ. സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്കും നിർദേശം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഔദ്യോഗികമായ സംശയനിവാരണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും മന്ത്രാലയവുമായും ഉന്നത വിദ്യാഭ്യാസ ബോർഡുമായും ബന്ധപ്പെടാമെന്നും മന്ത്രാലയം വിശദീകരിച്ചു.
Adjust Story Font
16

