Quantcast

ബഹ്‌റൈനിൽ വിപുലമായ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    19 Dec 2022 4:33 AM GMT

ബഹ്‌റൈനിൽ വിപുലമായ ദേശീയ   ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു
X

ബഹ്‌റൈനിൽ രാജ്യത്തിന്റെ 51ാമത് ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. ബഹ്‌റൈൻ ജനതയും പ്രവാസി സമൂഹവും വിവിധ മന്ത്രാലയങ്ങളും ഗവർണറേറ്റുകളും വ്യാപാര സ്ഥാപനങ്ങളും വിവിധ നാടുകളിലെ ബഹ്‌റൈൻ നയതന്ത്ര കാര്യാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ദേശീയദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ആശംസകൾ നേർന്നു. വിവിധ രാഷ്ട്രത്തലവൻമാർ ഭരണാധികാരികൾക്ക് ആശംസകൾ നേരുകയും പ്രത്യഭിവാദ്യങ്ങൾ അർപ്പിച്ച് സന്ദേശങ്ങൾ അയക്കുകയും ചെയ്തു.

ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ മന്ത്രിയുടെ രക്ഷാധികാരത്തിൽ ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സർക്കാർ സ്‌കൂളുകളിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾ ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കാളികളായി.

അൽദാന തിയേറ്റർ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെ ഉപയോഗപ്പെടുത്തി സംഗീത പരിപാടി സംഘടിപ്പിച്ചു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ നേതൃത്വത്തൽ ദേശീയ ദിനമാഘോഷിക്കുകയും യാത്രക്കാരെ ബഹ്‌റൈൻ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.

വിവിധ രാജ്യങ്ങളിലെ എംബസികളും ആഘോഷങ്ങൾ നടത്തി. കാപിറ്റൽ ഗവർണററ്റേിന് കീഴിൽ വർണ വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് ഹമദ് രാജാവിന്റെ നിർദ്ദേശപ്രകാരം വിവിധ ഗവർണറേറ്റുകളിൽ 6,128 പാർപ്പിട യൂണിറ്റുകൾ വിതരണം ചെയ്യാൻ കിരീടാവകാശി ഉത്തരവിട്ടു. ദക്ഷിണ മേഖല ഗവർണറേറ്റ് കിങ് ഫഹദ് കോസ്‌വേ അതോറിറ്റിയുമായി സഹകരിച്ച് തദ്ദേശീയ കലാ പ്രകടനങ്ങൾ ഒരുക്കി. മുഹറഖ് ഗവർണറേറ്റ് വാരാന്ത്യ മജ്‌ലിസിന് കീഴിൽ ആഘോഷ പരിപാടികൾ ഒരുക്കി.

രാജ്യത്തിനായി സേവനം ചെയ്ത വിവിധ മേഖലയിലുളളവരെ ഹമദ് രാജാവിന്റെ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു. മുൻ മന്ത്രിമാരടക്കം 55 പേർ ഹമദ് രാജാവിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ദേശീയ ദിനത്തോടനുബന്ധിച്ച് പാർലമെന്റ് അധ്യക്ഷൻ, ശൂറ കൗൺസിൽ അധ്യക്ഷൻ ഇരു സഭകളിലെയും ഉപാധ്യക്ഷൻമാർ എന്നിവരെ ഹമദ് രാജാവ് സ്വീകരിക്കുകയും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.

TAGS :

Next Story