Quantcast

ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചയിടത്ത് വാഹനം പാർക്ക് ചെയ്താൽ ബഹ്‌റൈനിൽ കനത്ത പിഴ

പിഴ 60 മുതൽ 300 വരെ ദീനാറാക്കി വർധിപ്പിക്കാനാണ് ശിപാർശ

MediaOne Logo

Web Desk

  • Updated:

    2024-04-03 11:21:58.0

Published:

3 April 2024 9:59 AM GMT

Heavy fines in Bahrain for parking a vehicle in a designated parking space for the disabled
X

മനാമ: ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ബഹ്‌റൈനിൽ കനത്ത പിഴ ഈടാക്കും. അതിനുപുറമെ അവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. 2014ലെ ട്രാഫിക് നിയമം അനുസരിച്ച് നിലവിൽ ഈ കുറ്റത്തിന് പിഴ 20 മുതൽ 100 വരെ ദീനാറാണ്. എന്നാൽ, ഇത് 60 മുതൽ 300 വരെ ദീനാറാക്കി വർധിപ്പിക്കാനാണ് ശിപാർശ. ആദ്യമായാണ് കുറ്റം ചെയ്യുന്നതെങ്കിൽ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്കും കുറ്റം ആവർത്തിച്ചാൽ ആറ് മാസത്തേക്കും സസ്പെൻഡ് ചെയ്യും. സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുന്നത്.

മാർക്കറ്റുകൾ, മാളുകൾ, സർക്കാർ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഭിന്നശേഷിക്കാർക്കായി പാർക്കിങ്ങിന് സ്ഥലം ഒഴിച്ചിട്ടുണ്ട്. എന്നാൽ, ചിലർ ഇത് പരിഗണിക്കാതെ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ മൂന്നിരട്ടിയാക്കി നിയമം ഭേദഗതി ചെയ്യുന്നത്. ഭിന്നശേഷിക്കാരായ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് സമൂഹം ബോധവാന്മാരാകണമെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ പറയുന്നു. നിരവധി എം.പിമാർ ഈ ശിപാർശയെ പിന്തുണച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരുടെ വീൽചെയറും മറ്റും വെക്കാനായി കൂടുതൽ സ്ഥലം പാർക്കിങ് സ്‌പേസുകളിൽ അനുവദിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുമുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും സമീപമായാണ് ഇത്തരം സ്ഥലങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

ഭിന്നശേഷിയുള്ള 13,765 പേർ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സാമൂഹിക വികസന മന്ത്രി ഒസാമ അൽ അസ്ഫൂർ വെളിപ്പെടുത്തിയിരുന്നു. ഇതിൽ 3,990 വ്യക്തികൾ ശാരീരിക വൈകല്യങ്ങളുള്ളവരാണ്. 2,210 പേർക്ക് കേൾവിക്കുറവും 1,302 പേർക്ക് കാഴ്ച വൈകല്യങ്ങളും 5,332 പേർക്ക് മനോ വൈകല്യങ്ങളുമുണ്ട്. 911 പേർ ഒന്നിലധികം വൈകല്യങ്ങളുള്ളവരാണ്.

TAGS :

Next Story