ബഹ്റൈനിൽ നാലുവയസ്സുകാരൻ സ്കൂൾ വാഹനത്തിൽ മരിച്ച സംഭവം; മാതാപിതാക്കൾ ഡ്രൈവർക്ക് മാപ്പുനൽകി
ഒക്ടോബർ 13നായിരുന്നു നാലര വയസ്സുകാരൻ ഹസൻ അൽ മഹരി മരിച്ചത്

മനാമ: നാലുവയസ്സുകാരൻ സ്കൂൾ വാഹനത്തിൽ മരിച്ച സംഭവത്തിൽ ബഹ്റൈനിൽ ഡ്രൈവറായ സ്വദേശി വനിതക്കെതിരെയുള്ള കേസ് കോടതി ഔദ്യോഗികമായി ഒഴിവാക്കി. കുട്ടിയുടെ മാതാപിതാക്കൾ ഡ്രൈവർക്ക് മാപ്പുനൽകിയതിനെ തുടർന്നാണ് ഹൈ ക്രിമിനൽ കോടതിയുടെ നിർണായക വിധി.
ഒക്ടോബർ 13നായിരുന്നു രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ദാരുണമായ സംഭവം നടക്കുന്നത്. നാലര വയസ്സുകാരൻ ഹസൻ അൽ മഹരിയാണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്ന വാഹനത്തിലിരുന്ന് ഹസൻ ഉറങ്ങിപ്പോവുകയായിരുന്നു. ഇതറിയാതെ ഡ്രൈവർ കാർ ലോക്ക് ചെയ്ത് പുറത്തുപോയി. 34 ഡിഗ്രി സെൽഷ്യസ് ചൂടിൽ മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
കുട്ടി മരിച്ചതിനെത്തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ വാഹനത്തിന് സ്കൂൾ ട്രാൻസ്പോർട്ടേഷൻ നടത്താനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുകയും പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വൈകാരികമായി രംഗങ്ങളാണ് കോടതിയിൽ കേസ് വിസ്താരത്തിനിടെ നടന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് താനെന്നും ഭർത്താവ് സൗദിയിലെ ജയിലിൽ ആണെന്നും യുവതി കോടതിയെ അറിയിച്ചു. നിത്യവൃത്തിക്കായി മറ്റൊരു വഴിയുമില്ലാതെയായതോടെയാണ് അനധികൃതമായി ഈ ജോലി ചെയ്യേണ്ടി വന്നതെന്നും ആ വനിത കോടതിമുറിയിൽ പറഞ്ഞു. അറിയാതെയാണെങ്കിൽ പോലും കുട്ടിയുടെ മരണത്തിന് കാരണക്കാരിയായതുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അവർ കരഞ്ഞുകൊണ്ട് കോടതിയെ അറിയിച്ചു.
എന്നാൽ പ്രതിയുടെ ജീവിത സാഹചര്യം മനസിലാക്കിയ കുട്ടിയുടെ കുടുംബം അവർക്ക് പൊറുത്തുകൊടുക്കുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു. കേസിൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ കോടതിയെ ബോധ്യപ്പെടുത്തി. ഇതുസംബന്ധിച്ച സത്യവാങ്മൂലം പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇതിനെത്തുടർന്ന് നരഹത്യ കുറ്റത്തിൽ നിന്ന് വനിതയെ ഒഴിവാക്കി കോടതി കേസ് അവസാനിപ്പിച്ചു.
Adjust Story Font
16

