ജിസിസി ഉച്ചകോടി ഇന്ന് ബഹ്റൈനിൽ; ഇറ്റാലിയൻ പ്രസിഡന്റ് മെലോണി വിശിഷ്ടാതിഥി
മെലോണിക്ക് സ്വീകരണം നൽകി ബഹ്റൈൻ രാജാവ്

മനാമ: ഇന്ന് ബഹ്‌റൈനിൽ നടക്കുന്ന 46ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിൽ ഇറ്റാലിയൻ പ്രസിഡന്റ് ജിയോർജിയ മെലോണി വിശിഷ്ടാതിഥി. ബഹ്‌റെനിലെത്തിയ മെലോണിക്ക് അൽ സഖീർ കൊട്ടാരത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരണം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ബിൻ ഈസ ആൽ ഖലീഫയും പങ്കെടുത്തു. ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചതിന് മെലോണിയോട് രാജാവ് നന്ദി പറഞ്ഞു. എട്ടാം തവണയാണ് ബഹ്‌റൈൻ ജിസിസി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
വിവിധ ജിസിസി ഭരണാധികാരികൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജ്യത്തെത്തുകയാണ്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ കിരീടാവകാശിയും സംഘവും സുൽത്താനെ സ്വീകരിച്ചു.
1981 മേയ് 25ന് ആറ് രാജ്യങ്ങൾ ചേർന്നാണ് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ രൂപീകരിച്ചത്. ജിസിസിയുടെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദിലാണ്. സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നിവയാണ് അംഗരാജ്യങ്ങൾ. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയും സൈനിക -രാഷ്ട്രീയ സഹകരണവുമാണ് മുഖ്യ ലക്ഷ്യം.
Adjust Story Font
16

