ജി.സി.സി ഉച്ചകോടി; ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ പ്രത്യേക പവിലിയൻ
ഒരുക്കിയത് ഗൾഫ് രാജ്യങ്ങളുടെ ചരിത്രവും നേട്ടങ്ങളും അടയാളപ്പെത്തുന്ന പ്രദർശനം

മനാമ: ബഹ്റൈനിൽ 46-ാമത് ജിസിസി ഉച്ചകോടിയുടെ ഭാഗമായി പ്രത്യേക പവിലിയൻ തുറന്നു. ഗൾഫ് രാജ്യങ്ങളുടെ ചരിത്രവും നേട്ടങ്ങളും അടയാളപ്പെത്തുന്ന പ്രദർശനമാണ് ബഹ്റൈനിലെ നാഷണൽ മ്യൂസിയത്തിലെ പവിലിയനിൽ ഒരുക്കിയിരിക്കുന്നത്.
ജി.സി.സി അംഗരാജ്യങ്ങളുടെ പതാകകളും സ്ഥാപക നേതാക്കളുടെ പ്രസ്താവനകളും കൊണ്ട് അലങ്കരിച്ച പ്രവേശന കവാടത്തിൽ നിന്നാണ് പവിലിയൻ ആരംഭിക്കുന്നത്. ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിന്റെ പ്രതിഫലനം കൂടിയാണ് തുടർന്നങ്ങോട്ടുള്ള ഓരോ കാഴ്ചകളും. ഗൾഫ് സഹകരണ കൗൺസിൽ രൂപീകരണത്തിന് മുമ്പുള്ള ആദ്യകാല സംഭവങ്ങളും ചിത്രങ്ങളും മറ്റ് രേഖകളും പവിലയനിന്റെ ആദ്യ വേദികളിൽ കാണാം.
അംഗരാജ്യങ്ങള്‍ തമ്മിൽ പല ഘട്ടങ്ങളിൽ നടന്ന കൂടിക്കാഴ്ചകളുടെ വിവിധ ചരിത്ര രേഖകളും അപൂർവ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനും കൗൺസിൽ രൂപീകരണവുമായി ബന്ധപ്പെട്ടും 1981 മെയ് 25 ന് അബൂദബിയില്‍ വെച്ചുനടന്ന ജിസിസി ചാര്‍ട്ടർ ഒപ്പുവെച്ച ചരിത്ര സംഭവും പ്രദർശനത്തിന്റെ ഭാഗമാണ്.
പവിലിയന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ഗൾഫ് രാജ്യങ്ങൾ ഒരുമിച്ച് ചേർന്ന് കൈവരിച്ച പദ്ധതികളുടെയും നേട്ടങ്ങളുടെയും വിപുലമായ പ്രദർശനമാണ്. 2003 ല്‍ ആരംഭിച്ച കസ്റ്റംസ് യൂണിയന്‍, ഏകീകൃത കസ്റ്റംസ് നടപടികൾ, സിംഗിൾ എൻട്രി പോയിന്റ് സംവിധാനം, ജിസിസി കോമൺ മാർക്കറ്റ് തുടങ്ങിയ ജിസിസിയുടെ സംയുക്ത നേട്ടങ്ങളെ വിശദമാക്കുന്ന ഇൻഫോഗ്രാഫിക്സും പവിലയനിൽ കാണാം.
2030ഓടെ വരാനിരിക്കുന്ന ജിസിസി റെയിൽവേ പ്രൊജക്ട് സംബന്ധിച്ച വിശദമായ വിവരങ്ങളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആറ് അംഗരാജ്യങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന മേഖലയിലെ ആദ്യ അന്താരാഷ്ട്ര റെയിൽവേ പ്രൊജക്ടായ ജിസിസി റെയിൽവേയുടെ യാത്രാ ആനുഭവം വിർച്വൽ റിയാലിറ്റിയിലൂടെ ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാമെന്നതും പ്രത്യേകതയാണ്. 46-ാമത് ജിസിസി ഉച്ചകോടിയെ അനുസ്മരിക്കുന്നതോടൊപ്പം, ബഹ്‌റൈനിലെ പൗരന്മാർക്കും സന്ദർശകർക്കും ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സമഗ്രമായ പദ്ധതികളും നേരിട്ട് അറിയാനും മനസിലാക്കാനും സാധിക്കുന്ന വേദി കൂടിയാണ് ഈ പ്രത്യേക പവിലിയൻ.
Adjust Story Font
16

