Quantcast

ഗൾഫ് ട്വന്‍റി20; ഒമാനെ തകർത്ത് ബഹ്റൈൻ

MediaOne Logo

Web Desk

  • Published:

    22 Sept 2023 2:05 AM IST

Gulf Twenty20
X

ഗൾഫ് ട്വന്‍റി 20 ഇന്‍റർനാഷനൽ (ട്വന്‍റി20 ഐ) ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ നാലാം മത്സരത്തിൽ ബഹ്റൈന് വിജയം. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഒരു റൺസിനാണ് ബഹ്റൈൻ ഒമാനെ പരാജയപ്പെടുത്തിയത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഒമാൻ ബഹ്റൈനെ ഏഴ് വിക്കറ്റിന് 123 എന്ന സ്കോറിന് പുറത്താക്കി. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒമാൻ നിരയിൽ കശ്യപ് പ്രജാപതി (49), അയാൻ ഖാൻ (21) എന്നിവരൊഴികെ മറ്റുള്ളവർക്കൊന്നും കാര്യമായി സംഭാവന ചെയ്യാനായില്ല.

സത്തയ്യ വീരപതിരൻ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഒമാന് ജയിക്കാൻ 11 റൺസായിരുന്നു ആവശ്യമുണ്ടായിരുന്നത്. ആദ്യപന്തിൽ സിക്സറടിച്ച് നസീം കുശിത്ത് വിജയപ്രതീക്ഷ നൽകിയെങ്കിലും അടുത്ത പന്തിൽ പുറത്തായി. പിന്നീട് കണിശമായി ബാൾ എറിഞ്ഞ വീരപതിരൻ ആകെ പത്ത് റൺസ് വിട്ടുനൽകി ബഹ്റൈന് മികച്ച വിജയം സമ്മാനിക്കുകയായിരുന്നു.

ഇമ്രാൻ അലി (44), ഹൈദർ ബട്ട് (20) എന്നിവരുടെ പ്രകടനമാണ് ബഹ്റൈന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. നാല് പോയന്റുമായി ആറ് ടീമുകളുടെ പട്ടികയിൽ ബഹ്‌റൈൻ ഇപ്പോൾ നാലാമതാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ബഹ്‌റൈൻ കഴിഞ്ഞ മത്സരത്തിൽ വിജയിച്ചിരുന്നു.

ബഹ്റൈന്റെ അവസാന മത്സരം വെള്ളിയാഴ്ച യുനൈറ്റഡ് അറബ് എമിറേറ്റ്‌സിനോടാണ്. തുടർച്ചയായ മൂന്ന് വിജയങ്ങളിൽനിന്ന് ആറ് പോയന്റുമായി പട്ടികയിൽ മുന്നിലാണ് യു.എ.ഇ. ഫൈനൽ പ്രതീക്ഷ നിലനിർത്തണമെങ്കിൽ ബഹ്‌റൈന് ആ കളി ജയിക്കേണ്ടതുണ്ട്.

TAGS :

Next Story