ഇറാൻ-ഇസ്രായേൽ സംഘർഷം: ബഹ്റൈനിൽ നിന്നുള്ള ചില വിമാന സർവീസുകൾ റദ്ദാക്കി
പല രാജ്യങ്ങളും വ്യോമപാത അടച്ചതിനാലാണ് ബഹ്‌റൈനിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കാലതാമസം നേരിടുകയോ സർവീസുകൾ റദ്ദാക്കുകയോ ചെയ്യേണ്ടിവന്നത്

മനാമ: ഇറാനെ ഇസ്രായേൽ ആക്രമിച്ചതിനെത്തുടർന്ന് മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പല വിമാന സർവീസുകളും റദ്ദാക്കി. വിമാന ഷെഡ്യൂളുകളിൽ ചിലത് പുനഃക്രമീകരിക്കുകയും മറ്റു ചിലത് പൂർണമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് പല രാജ്യങ്ങളും വ്യോമപാത അടച്ചതിനാലാണ് ബഹ്‌റൈനിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കാലതാമസം നേരിടുകയോ സർവീസുകൾ റദ്ദാക്കുകയോ ചെയ്യേണ്ടിവന്നത്. അതുകൊണ്ടുതന്നെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കും റീബുക്കിങ് ഓപ്ഷനുകൾക്കുമായി അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.
ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും തങ്ങളുടെ സർവീസുകൾ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ജോർദാൻ, ഇറാഖിലെ ബാഗ്ദാദ്, നജാഫ്, എന്നിവിടങ്ങളിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്ത എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഗൾഫ് എയർ അറിയിച്ചു. നിലവിൽ ജൂൺ 16 വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഗൾഫ് എയറിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തവർ സർവീസുകളുടെ സമയക്രമവും പുതിയ മാറ്റങ്ങളും അറിയാനായി ഗൾഫ് എയറുമായി ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
നിലവിലെ സാഹചര്യം മൂലമുണ്ടായ അസൗകര്യത്തിൽ ഗൾഫ് എയർ ഖേദം പ്രകടിപ്പിച്ചു. ഒപ്പം റദ്ദാക്കിയ വിമാനങ്ങൾ മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാരെ സഹായിക്കുന്നതിനും താമസസൗകര്യമടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതായും എയർലൈൻസ് അറിയിച്ചു.
Adjust Story Font
16

