Quantcast

ബഹ്‌റൈനിൽ ലേബർ രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി

MediaOne Logo

Web Desk

  • Published:

    5 Dec 2022 3:58 AM GMT

ബഹ്‌റൈനിൽ ലേബർ രജിസ്‌ട്രേഷൻ   കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി
X

ബഹ്‌റൈനിൽ ഫ്‌ലക്‌സി വിസ നിർത്തലാക്കിയതിന് പകരമായി തുടക്കം കുറിച്ച ലേബർ രജിസ്‌ട്രേഷൻ സംവിധാനം പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ ആറ് രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾക്കാണ് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അനുമതി നൽകിയിട്ടുള്ളത്. രാജ്യത്ത് ഫ്‌ലക്‌സി വിസയിൽ ജോലി ചെയ്തിരുന്നവർ മൂന്ന് മാസത്തിനുള്ളിൽ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യണം.

ആദ്യഘട്ടത്തിൽ ആറു രജിസ്‌ട്രേഷൻ സെന്ററുകൾക്ക് ഇതിനുള്ള ലൈസൻസ് നൽകിയതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി സി.ഇ.ഒ നൗഫ് അബ്ദുൾറഹ്മാൻ ജംഷീർ അറിയിച്ചു. അംഗീകൃത ലേബർ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ പെർമിറ്റ് ലഭിക്കുന്നതിന് തൊഴിലാളി അപേക്ഷ സമർപ്പിക്കുന്നതാണ് ആദ്യഘട്ടം. ഇതിനായി അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ കൂടെ സമർപ്പിക്കണം.

രജിസ്‌ട്രേഷൻ സെന്റർ എൽ.എം.ആർ.എക്ക് പെർമിറ്റ് അപേക്ഷ സമർപ്പിക്കുകയും എൽ.എം.ആർ.എ അധികൃതർ അപേക്ഷകൾ പരിശോധിക്കുകയും ചെയ്യും. തുടർന്ന് സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷ നാഷണാലിറ്റി, പാസ്‌പോർട്ട്‌സ് ആന്റ് റസിഡൻസ് അഫയേഴ്‌സിന് നൽകും.

എൽ.എം.ആർ.എ അംഗീകരിച്ച പേയ്മെന്റ് സെന്ററിൽ തൊഴിലാളി നിശ്ചിത ഫീസ് അടയ്ക്കണം. ശേഷം വർക്ക് പെർമിറ്റ് കാർഡിനായി തൊഴിലാളിക്ക് അപ്പോയിന്റ്‌മെന്റ് നൽകുകയും ബയോളജിക്കൽ ഡാറ്റ ശേഖരിച്ച് മെഡിക്കൽ പരിശോധനക്കുള്ള അപ്പോയിന്റ്‌മെന്റ് ലഭിക്കുകയും ചെയ്യും.

തൊഴിലാളിക്ക് ഒരു സിം കാർഡും ആവശ്യമായ മാർഗനിർദേശങ്ങളും നൽകുമെന്നും അധികൃതർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ക്യൂ.ആർ കോഡ് പതിച്ച വർക്ക് പെർമിറ്റ് കാർഡാണ് ലഭിക്കുന്നത്. ജോലി ചെയ്യാൻ അനുവദനീയമായ തൊഴിൽ മേഖലയും മറ്റ് വിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കും.

നിലവിലെ ഫ്‌ലക്‌സി വിസയുടെ കാലാവധി ബാക്കിയുണ്ടെങ്കിൽ ശേഷിക്കുന്ന കാലത്തേക്കുള്ള ഫീസ് അപേക്ഷകെന്റ എൽ.എം.ആർ.എ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്. തൊഴിലാളികൾക്ക് നിയമാനുസൃത രേഖകൾ സ്വന്തമാക്കി സുരക്ഷിതമായി രാജ്യത്ത് ജോലി ചെയ്യാനുള്ള അവസരമാണ് ലേബർ രജിസ്‌ട്രേഷൻ സംവിധാനത്തിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് എൽ.എം.ആർ.എ സി.ഇ.ഒ വ്യക്തമാക്കി.

ലേബർ രജിസ്‌ട്രേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യതയുണ്ടോ എന്നറിയാൻ www.lmra.bh എന്ന വെബ്‌സൈറ്റിൽ സർവീസസ് എന്ന വിഭാഗത്തിൽ Registered Worker Eligibility എന്ന ലിങ്ക് പരിശോധിക്കാം. അംഗീകൃത ലേബർ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളുടെ പട്ടികയും എൽ.എം.ആർ.എ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. 17506055 എന്ന കോൾ സെന്റർ വഴിയും അന്വേഷണങ്ങൾ നടത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story