Quantcast

വ്യാജ സർട്ടിഫിക്കറ്റുകാർക്ക് പൂട്ട്!; ബഹ്‌റൈനിൽ പ്രവാസികളുടെ വിസ നടപടികളിൽ മാറ്റത്തിന് ശിപാർശയുമായി എം.പിമാർ

നിർദേശം പാർലമെന്റ് ചർച്ച ചെയ്യും

MediaOne Logo

Web Desk

  • Published:

    19 Dec 2025 8:07 PM IST

വ്യാജ സർട്ടിഫിക്കറ്റുകാർക്ക് പൂട്ട്!; ബഹ്‌റൈനിൽ പ്രവാസികളുടെ വിസ നടപടികളിൽ മാറ്റത്തിന് ശിപാർശയുമായി എം.പിമാർ
X

മനാമ: ബഹ്‌റൈനിൽ ജോലി തേടിയെത്തുന്ന പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതകൾ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് മുമ്പ് തന്നെ കർശനമായി പരിശോധിക്കണമെന്ന ശിപാർശയുമായി പാർലമെന്റ് അംഗങ്ങൾ. ഇതുസംബന്ധിച്ച നിർദേശം അടുത്ത ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്ന മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളും തമ്മിൽ ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്നാണ് ശിപാർശയിലെ പ്രധാന ആവശ്യം. വ്യാജ രേഖകൾ ഉപയോഗിച്ച് രാജ്യത്ത് ജോലി നേടുന്നത് തടയാൻ ഇത് സഹായിക്കുമെന്ന് നിർദേശം സമർപ്പിച്ച എംപി ജലാൽ കാദിം വ്യക്തമാക്കി. എല്ലാ പ്രൊഫഷണൽ മേഖലകളിലും ഇത്തരം കർശനമായ നിരീക്ഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശ തൊഴിലാളികളുടെ എണ്ണം പൊതു-സ്വകാര്യ മേഖലകളിൽ വർധിച്ചുവരുന്നത് കണക്കിലെടുത്ത് പരിശോധനകൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് സർവീസസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. തന്ത്രപ്രധാനമായ തസ്തികകളിൽ വ്യാജ സർട്ടിഫിക്കറ്റുകളുമായി ആരും എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നത് പൊതുതാൽപ്പര്യത്തിന് അത്യാവശ്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.

പുതിയ നിർദേശത്തോട് സമ്മിശ്ര പ്രതികരണമാണ് വിവിധ സംഘടനകളിൽ നിന്ന് ഉണ്ടാകുന്നത്. ട്രേഡ് യൂണിയനുകൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്നത് തൊഴിലുടമകൾ വഞ്ചിക്കപ്പെടാതിരിക്കാനും യോഗ്യരായ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കാനും സഹായമാകുമെന്ന് യൂണിയനുകൾ അഭിപ്രായപ്പെട്ടു. എന്നാൽ, നിലവിൽ തന്നെ പ്രൊഫഷണൽ തസ്തികകളിൽ കൃത്യമായ പരിശോധന നടക്കുന്നുണ്ടെന്നും പുതിയ മാറ്റം അനാവശ്യമായ കാലതാമസത്തിന് ഇടയാക്കുമെന്നും ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ചൂണ്ടിക്കാട്ടി. എങ്കിലും പൊതുതാൽപ്പര്യം മുൻനിർത്തി ഈ നിയമഭേദഗതിയുമായി മുന്നോട്ട് പോകാനാണ് സർവീസ് കമ്മിറ്റിയുടെ തീരുമാനം.

TAGS :

Next Story