Quantcast

ബഹ്റൈനിൽ ഇനി നാടകക്കാലം

പ്രൊഫസര്‍ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം ഇന്നു മുതല്‍ 19 വരെ, കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും

MediaOne Logo

Web Desk

  • Published:

    11 Jan 2022 6:22 AM GMT

ബഹ്റൈനിൽ ഇനി നാടകക്കാലം
X

ബഹ്‌റൈനിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക കേന്ദ്രമായ കേരളീയ സമാജത്തില്‍ നാടകോത്സവത്തിനായി അരങ്ങ് ഉണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ബി.കെ.എസ് സ്‌കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന, പ്രൊഫസര്‍ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം ഇന്നു മുതല്‍ 19 വരെ, കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കും. ഒന്‍പത് രാത്രികളിലായി ഒന്‍പത് നാടകങ്ങള്‍, ബഹറൈനിലെ നാടക പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നതായി സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സ്‌കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ വിനോദ് വി ദേവന്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഒരു നാടകാവതരണത്തിലൂടെയാണ് ബഹ്‌റൈന്‍ കേരളസമാജം 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതെന്നും, തുടര്‍ച്ചയായ ഒമ്പത് ദിവസങ്ങള്‍ സമാജം ഡയമണ്ട് ജൂബിലി ഹാള്‍ നാടകങ്ങള്‍ക്ക് മാത്രമായി ഒരുക്കി നിര്‍ത്തുന്നത് ആദ്യമായാണെന്നും, സമാജം പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന ദിവസമായ ഇന്ന് രാത്രി 8 ന് ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകശാല മുഖ്യ പ്രായോജകരായ, ബേബിക്കുട്ടന്‍ കൊയിലാണ്ടിയുടെ സംവിധാനത്തില്‍ അരങ്ങിലെത്തുന്ന നാടകം 'ദി ലാസ്റ്റ് സല്യൂട്ട്' നടക്കും, ജയന്‍ തീരുമന, പ്രെറ്റി റോയ് എന്നിവരാണ് രചയിതാക്കള്‍.

രണ്ടാം ദിനം ബുധനാഴ്ച ജയന്‍ മേലേത്ത് എഴുതി സംവിധാനം ചെയ്ത നാടകം 'അനര്‍ഘ നിമിഷങ്ങള്‍' അരങ്ങിലെത്തും. ബഹ്റൈന്‍ പ്രതിഭ റിഫ മേഖലയാണ് നാടകം അണിയിച്ചൊരുക്കുന്നത്. മൂന്നാം ദിനമായ വ്യാഴാഴ്ച കലാകേന്ദ്ര ആര്‍ട്‌സ് സെന്റര്‍ അവതരിപ്പിക്കുന്ന നാടകം 'ഉമ്മീദ്' നടക്കും. പ്രജിത് നമ്പ്യാരാണ് രചനയും സംവിധാനവും.

14ന് വെള്ളിയാഴ്ച വൈഖരി അവതരിപ്പിക്കുന്ന നാടകം 'ദ്രാവിഡപ്പെണ്ണ്' അരങ്ങിലെത്തും. രചന, സംവിധാനം ദീപ ജയചന്ദ്രന്‍. 15ന് 'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കഥ' (പ്രദീപ് മണ്ടൂരിന്റെ രചനയില്‍ കൃഷ്ണകുമാര്‍ പയ്യന്നൂര്‍ സംവിധാനം),

16ന് ഞായര്‍, ബോണി ജോസ് എഴുതി സംവിധാനം ചെയ്ത 'കൂട്ട് ', ഏഴാം ദിവസം, ജനുവരി 17 തിങ്കളാഴ്ച ഔര്‍ ക്ലിക്സും പ്രവാസി ബഹ്റൈനും സംയുക്തമായി അവതരിപ്പിക്കുന്ന 'അനാമികളുടെ വിലാപം'(രചന ഗിരീഷ് പീ സീ പാലം. സംവിധാനം ശ്രീജിത്ത് പറശ്ശിനി) എന്നിവയും അരങ്ങേറും.

18ന് ചൊവ്വാഴ്ച 'ഐ സീ യു'(ജയന്‍ മേലെത്തിന്റെ രചനയില്‍ ഷാഗിത്ത് രമേശിന്റെ സംവിധാനം), അവസാനദിവസമായ 19ന് ബുധനാഴ്ച ഫിറോസ് തിരുവത്രയുടെ രചനയില്‍ ഹരീഷ് മേനോന്റെ സംവിധാനത്തില്‍ 'അല്‍ അഖിറ' എന്ന നാടകവും അരങ്ങിലെത്തും.

തികച്ചും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഗ്രീൻ ഷീൽഡ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. നാടക ഉത്സവരാവുകളിലേക്ക് കൃത്യം എട്ട് മണിക്ക് മുമ്പായി ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലേക്ക്, എല്ലാ നാടക പ്രേമികളുടെയും കല ആസ്വാദകരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ വിനോത് അളിയത്തിനെ (3378 2001) നെ ബന്ധപ്പെടാം.

TAGS :

Next Story