വിഷൻ 2050;ബഹ്റൈനെ വിനോദ കേന്ദ്രമാക്കാൻ വിപുലമായ പദ്ധതികൾ
ബോളിവുഡ് സിനിമാ സ്റ്റുഡിയോകൾ, ഔട്ട്ഡോർ സ്കൈ ഡൈവിങ്, ഹോട്ട് എയർ ബലൂൺ എന്നിവ പദ്ധതിയിൽ
മനാമ: വിഷൻ 2050ന്റെ ഭാഗമായി ബഹ്റൈനെ ആഗോള വിനോദ കേന്ദ്രമാക്കി ഉയർത്താൻ വൻ പദ്ധതികൾ. രാജ്യത്തിന്റെ ടൂറിസം–എന്റർടെയ്ൻമെന്റ് മേഖലയിൽ ചരിത്രപരമായ മാറ്റങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ബോളിവുഡ് സിനിമാ സ്റ്റുഡിയോകൾ, ഔട്ട്ഡോർ സ്കൈഡൈവിങ്, ഹോട്ട് എയർ ബലൂൺ യാത്രകൾ തുടങ്ങി അത്യാധുനിക പദ്ധതികളാണ് വിഷൻ 2050ന്റെ ഭാഗമായി ബഹ്റൈൻ വിഭാവനം ചെയ്യുന്നത്. ഇതുസംബന്ധിച്ച് സതേൺ മുനിസിപ്പൽ കൗൺസിൽ തയാറാക്കിയ നിർദേശങ്ങൾ ഉടൻ തന്നെ ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയത്തിനും ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിനും സമർപ്പിക്കും.
ബഹ്റൈനെ അന്താരാഷ്ട്ര സിനിമാനിർമാണത്തിന്റെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ബോളിവുഡ് സിനിമാ സ്റ്റുഡിയോകൾ സ്ഥാപിക്കാനുള്ള നിർദേശം സതേൺ മുൻസിപ്പാലിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്. നേരത്തേ 'അവഞ്ചേഴ്സ്' സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പർ താരങ്ങൾ ബഹ്റൈനിൽ എത്തിയതും ഈ നീക്കത്തിന് പ്രചോദനമായിട്ടുണ്ട്.
ഗ്രാവിറ്റി'യുമായി സഹകരിച്ച് നിലവിലുള്ള ഇൻഡോർ സംവിധാനത്തിന് പുറമെ ഔട്ട്ഡോർ സ്കൈഡൈവിങ് ആരംഭിക്കാനും ചർച്ചകൾ നടക്കുന്നുണ്ട്. ഗവർണറേറ്റിന്റെ വിശാലമായ ഭൂപ്രകൃതി പ്രയോജനപ്പെടുത്തി ഹോട്ട് എയർ ബലൂൺ സർവീസുകളും തുടങ്ങും.
അൽ അരീൻ വൈൽഡ് ലൈഫ് പാർക്കിനെ (മുഹമ്മദ് ബിൻ സായിദ് നാച്ചുറൽ റിസർവ്) കൂടുതൽ വിപുലീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ബഹ്റൈന്റെ പ്രധാനപ്പെട്ട വിവിധ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള വികസനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ബഹ്റൈനെ ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിലെത്തിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

