Quantcast

സ്ത്രീകളെ അനാശാസ്യത്തിന് നിർബന്ധിച്ചു; മൂന്ന് ഇന്ത്യക്കാർക്ക് തടവ്

MediaOne Logo

Web Desk

  • Published:

    7 July 2023 4:12 AM GMT

Women jailed
X

ജോലിക്കെന്ന വ്യാജേന സ്ത്രീകളെ എത്തിച്ചതിനുശേഷം അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ച കേസിൽ മൂന്ന് ഇന്ത്യക്കാരെ ബഹ് റൈൻ കോടതി ശിക്ഷിച്ചു.

44ഉം 20ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 37 വയസ്സുള്ള സ്ത്രീയുമാണ് പ്രതികൾ. 44കാരനായ പുരുഷനും സ്ത്രീക്കും അഞ്ച് വർഷം തടവും 5000 ദീനാർ പിഴയും വിധിച്ചു. 20 വയസ്സുകാരന് മൂന്ന് വർഷം തടവും 2000 ദീനാർ പിഴയുമാണ് ശിക്ഷ.

ഇരകളായ സ്ത്രീകളും ഇന്ത്യക്കാരാണ്. ഇരകളെ നാട്ടിലേക്കയക്കാനുള്ള ചെലവും പ്രതികൾ വഹിക്കണം. ശിക്ഷാകാലാവധി കഴിഞ്ഞാൽ പ്രതികളെ നാടുകടത്തും. റസ്റ്റോറന്റിലെത്തുന്ന ഉപഭോക്താക്കളോടൊപ്പം അനാശാസ്യപ്രവർത്തനങ്ങളിലേർപ്പെടാൻ ഇരകളെ പ്രതികൾ നിർബന്ധിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി.

വിസമ്മതിക്കുമ്പോൾ മർദിക്കാറുമുണ്ടായിരുന്നു. റസ്റ്റോറന്റിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റുകളിലാണ് ഇരകളെ താമസിപ്പിച്ചിരുന്നത്. അവർ രക്ഷപ്പെടാതിരിക്കാൻ താമസസ്ഥലത്തുനിന്നും റസ്റ്റോറന്റിലേക്കുള്ള യാത്രയിൽ ഇരുപതുകാരനായ പ്രതി ഒപ്പം സഞ്ചരിച്ചിരുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഗുദൈബിയയിലെ റസ്റ്റോറന്റിൽ പതിവ് പരിശോധന നടത്തിയപ്പോഴാണ് റാക്കറ്റിനെ കണ്ടെത്തിയത്.

പ്രതിയായ സ്ത്രീക്കെതിരെ മുമ്പും സമാനമായ കുറ്റകൃത്യം ആരോപിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് രേഖകളിൽനിന്ന് വ്യക്തമായി. പ്രതിമാസം 300 ദീനാർ ശമ്പളം നൽകാമെന്ന് പറഞ്ഞാണ് ഇരകളെ എത്തിച്ചത്. പ്രതികൾ ഇരകളുടെ പാസ്‌പോർട്ടുകളും രേഖകളും കൈവശപ്പെടുത്തുകയും ചെയ്തു. ശമ്പളമൊന്നും നൽകിയിരുന്നില്ല. ഒരുനേരം മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. തൊഴിലാളികളെ നിയമിച്ചതിന്റെ രേഖകളും പ്രതികളുടെ പക്കലുണ്ടായിരുന്നില്ല.

TAGS :

Next Story