കുവൈത്തില്‍ സിവിൽ ഇൻഫർമേഷൻ അതോറിറ്റി മെഷീനുകളിൽ 2 ലക്ഷത്തിലധികം തിരിച്ചറിയൽ കാർഡുകൾ കെട്ടിക്കിടക്കുന്നു
സിവിൽ ഐഡി കാർഡ് ശേഖരിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് പാസി അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിവിൽ ഇൻഫർമേഷൻ അതോറിറ്റി മെഷീനുകളിൽ 2 ലക്ഷത്തിലധികം തിരിച്ചറിയൽ കാർഡുകൾ കെട്ടിക്കിടക്കുന്നു. പുതുക്കിയ സിവിൽ ഐഡി കാർഡുകൾ ഉടമകൾ ശേഖരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. പാസി ഹെഡ് ഓഫീസിലും ജഹ്‌റയിലേയും അഹമ്മദിയിലെയും ശാഖകളില്‍ ഡെലിവറിക്ക് തയ്യാറായ 2,11,000 കാര്‍ഡുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അതിനിടെ വിതരണത്തിന് തയാറായ കാര്‍ഡുകള്‍ ആളുകള്‍ ശേഖരിക്കാത്തതിനെ തുടര്‍ന്ന് പുതിയ കാർഡുകൾ വെൻഡിങ് മെഷീനുകൾ വഴി വിതരണം ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
സ്വദേശികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സിവിൽ ഐഡി കാർഡുകൾ നല്‍കുന്നതിന് നേരത്തെ മുൻഗണന നല്‍കിയിരുന്നു. അതിനിടെ നടപടിക്രമങ്ങൾ പൂർത്തിയായ സിവില്‍ ഐ.ഡി കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് പാസി അധികൃതര്‍ അഭ്യര്‍ഥിച്ചു. സിവില്‍ ഐ.ഡി കാർഡുകൾ വിതരണത്തിൽ സജ്ജമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്റ്റാറ്റസ് അറിയാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Adjust Story Font
16

