Quantcast

കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം: അടിയന്തിര തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

സുപ്രീം കോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വൈകിയതിനെ തുടർന്ന്​ ലീഗൽ സെൽ ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു

MediaOne Logo

ijas

  • Updated:

    2021-08-24 15:48:07.0

Published:

24 Aug 2021 3:37 PM GMT

കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം: അടിയന്തിര തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
X

കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്കുള്ള നഷ്​ടപരിഹാരത്തിൽ അടിന്തിരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹർജിയിൽ, ഡൽഹി ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചി​ന്‍റേതാണ് സുപ്രധാന വിധി. കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക, കോവിഡ് മൂലം വിദേശത്ത് മാതാപിതാക്കൾ മരണപ്പെട്ട പ്രവാസികളുടെ ഇന്ത്യക്കാരായ കുട്ടികൾക്ക് പി.എം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ്​ പ്രവാസി ലീഗൽ സെൽ ഹൈകോടതി​യെ സമീപിച്ചത്​.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്​ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി നഷ്​ടപരിഹാര ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി, മെമ്പര്‍ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമും പ്രവാസി ലീഗൽ സെൽ കൺട്രി ഘടകങ്ങളും ചേർന്ന് നിവേദനം നൽകിയത്​. സുപ്രീം കോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വൈകിയതിനെ തുടർന്ന്​ ലീഗൽ സെൽ ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്കും സർക്കാരിന്‍റെ ക്ഷേമപദ്ധതികളിൽ പൂർണ്ണമായ അവകാശമുണ്ടെന്നും ഏതെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കി നിർത്തുന്നത് ഭരണഘടനയുടെ ലംഘനമായി പരിഗണിക്കാവുന്നതാണെന്നും ഹരജിയിൽ ബോധിപ്പിച്ചിരുന്നു. പ്രവാസി ലീഗൽ സെല്ലിനു വേണ്ടി അഡ്വ. ശ്രീവിഘ്നേഷ് ഹാജരായി. ഹൈകോടതി ഉത്തരവിന്‍റെ അടിസ്​ഥാനത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന്​ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമും, ഖത്തർ കൺട്രി ഹെഡ് അബ്ദുൽ റഊഫ് കൊണ്ടോട്ടിയും ആവശ്യപ്പെട്ടു.

TAGS :

Next Story