സൈക്കിളുകൾ ആറാടിയ ദുബൈ റൈഡിന് പരിസമാപ്തി
പുലർച്ചെ തന്നെ ശൈഖ്സായിദ് റോഡിൽ സൈക്കിൾ കൊണ്ട് നിറഞ്ഞിരുന്നു.

നഗരത്തിലെ പ്രധാനപാത നിറയെ സൈക്കിളുകൾ കീഴടക്കിയ ദുബൈ റൈഡിന് പരിസമാപ്തി. ഒരു മാസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ്ചലഞ്ചിന്റെ ഭാഗമായാണ് ദുബൈ റൈഡ് അരങ്ങേറിയത്. കുട്ടികൾ ഉൾപ്പെടെ ആയിരങ്ങളാണ് റൈഡിൽ ഭാഗഭാക്കായത്.
പുലർച്ചെ തന്നെ ശൈഖ്സായിദ് റോഡിൽ സൈക്കിൾ കൊണ്ട് നിറഞ്ഞിരുന്നു. അഞ്ച് മണി മുതൽ ഏഴര വരെയാണ് റൈഡ് തീരുമാനിച്ചിരുന്നതെങ്കിലും അതിന് മണിക്കൂറുകൾക്ക് മുമ്പേ സൈക്കിളുടെ പ്രവാഹം ആരംഭിച്ചു. ദുബൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അഞ്ച് ഗേറ്റുകൾ മുഖേനയാണ് റൈഡർമാരെ പ്രവേശിപ്പിച്ചത്.
റൈഡിന്റെ ഭാഗമായി ശൈഖ് സായിദ് റോഡിൽ മറ്റു വാഹനങ്ങളെ വിലക്കിയിരുന്നു.. കേരള റൈഡർമാരുടെ കൂട്ടായ്മയായ ഡി.എക്സ്.ബി റൈഡേഴ്സ്, കേരള റൈഡേഴ്സ് എന്നിവയും അണിനിരന്നു.
ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് ഖലീഫ, ഡൗൺ ടൗൺ, വാട്ടർ കനാൽ എന്നിവയ്ക്ക് മുമ്പിലൂടെയായിരുന്നു യാത്ര. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക റൂട്ട് ക്രമീകരിച്ചിരുന്നു. 12 കിലോമീറ്റർ ശൈഖ്സായിദ് റോഡ്റൂട്ടും നാല് കിലോമീറ്റർ ഡൗൺ ടൗൺ റൂട്ടും എന്ന നിലയ്ക്കായിരുന്നു ക്രമീകരണം. അനുകൂല കാലാവസ്ഥ കാരണം കുട്ടികൾ വരെ ആവേശത്തോടെയാണ് റൈഡിന്റെ ഭാഗമായത്.
ഏതാണ്ട് 35,000ഓളം പേർ റൈഡിൽ പങ്കെടുത്തുവെന്നാണ് കണക്ക്. റൈഡ് വൻ വിജയമാക്കിയ സ്പോർട്സ് പ്രേമികളെ സംഘാടകർ അഭിനന്ദിച്ചു.
Adjust Story Font
16

