ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
ആക്രമണം മേഖലയുടെ സുരക്ഷക്കും ആഗോള സ്ഥിരതക്കും ഗുരുതര ഭീഷണിയാണെന്ന് കുവൈത്ത്

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം മേഖലയുടെ സുരക്ഷക്കും ആഗോള സ്ഥിരതക്കും ഗുരുതര ഭീഷണിയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇറാനിലെ ആണവ കേന്ദ്രങ്ങളടക്കമുള്ള തന്ത്രപ്രധാന മേഖലകൾ ആക്രമണ ലക്ഷ്യങ്ങളാകുന്നത് ആശങ്കയോടെയാണ് കാണുന്നത്. ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷക്കും ആഗോള സുരക്ഷയും തകർക്കാനിടയാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനിലെ യുഎസ് ആക്രമണത്തിൽ ഖത്തർ ആശങ്ക പ്രകടിപ്പിച്ചു. സൈനിക നടപടികൾ നിർത്തിവെച്ച് ചർച്ചകളിലൂടെ പരിഹാരം കാണുകയാണ് വേണ്ടത്. മേഖലയിലെ അസ്ഥിരത അന്താരാഷ്ട്ര സുരക്ഷയെ ബാധിക്കുമെന്നും ഖത്തർ പറഞ്ഞു. തങ്ങളുടെ വായുവിലും വെള്ളത്തിലും റേഡിയേഷന്റെ അളവിൽ മാറ്റമില്ലെന്ന് ഖത്തർ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഖത്തർ അമീർ ഫോണിൽ സംസാരിച്ചു.
ഇറാനെതിരായ യുഎസ് വ്യോമാക്രമണങ്ങളെ ഒമാൻ അപലപിച്ചു. സംഘർഷാവസ്ഥ ഉടൻ പരിഹരിക്കണം. യുഎസ് സ്വീകരിക്കുന്ന നടപടികൾ സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കും. ഇത്തരം സൈനിക നടപടികൾ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഒമാൻ വ്യക്തമാക്കി.
ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ യുഎഇ ആശങ്ക രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭ അവരുടെ ഉത്തരവാദിത്തം നിർവഹിക്കാൻ മുന്നോട്ടുവരണം. വിവേകവും ഉത്തരവാദിത്ത ബോധവും നിലനിർത്തി സംഘർഷത്തിന് പരിഹാരം കാണണമെന്നും യുഎഇ ആവശ്യപ്പെട്ടു.
Adjust Story Font
16

