Quantcast

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും; വൈകുന്നേരം വരെ മഴ തുടരും

പഠനം ഇന്നും നാളെയും ഓൺലൈനിൽ,സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

MediaOne Logo

Web Desk

  • Updated:

    2024-05-02 04:26:30.0

Published:

2 May 2024 1:47 AM GMT

Heavy rains
X

ദുബൈ: യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങൾ ഇന്നും നാളെയും പഠനം ഓൺലൈൻ വഴിയാക്കി. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ദുബൈയിൽ പൊതുപാർക്കുകളും ബീച്ചുകളും അടച്ചു.

ജാഗ്രതാ നിർദേശമുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കെടുതിവിതച്ചത്ര തീവ്രമായിരിക്കില്ല ഇന്നത്തെ മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന സൂചന. എങ്കിലും ആളപായം കുറക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഓരോ എമിറേറ്റിലും നഗരസഭകൾ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ സാമാന്യം ശക്തമായ മഴ ലഭിച്ചു. ഇന്നലെ അർധരാത്രി മുതൽ അബൂദബിയുടെ അൽ ദഫ്റ മേഖലയിൽ മഴ തുടരുകയാണ്. അബൂദബി മുതൽ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ വലെ നീളുന്ന തീരദേശത്തും ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലയിലും ഒരുപോലെ മഴയുണ്ടാകും.

ദോഹതീരത്ത് നിന്ന് എത്തുന്ന മഴ മേഘങ്ങൾ മണിക്കൂറുകളോളം യു.എ.ഇയിൽ പെയ്ത ശേഷം വൈകുന്നേരത്തോടെ ഒമാനിലേക്ക് നീങ്ങും. റോഡിലും താമസമേഖലകളിലും വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലവെള്ള പാച്ചിൽ കണക്കിലെടുത്ത് മലയോരമേഖലയിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, ജോലി സമയത്തിൽ ഇളവ് എന്നിവ അനുവദിക്കാൻ യു.എ.ഇ തൊഴിൽമന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.


TAGS :

Next Story