Quantcast

​ഗൾഫിൽ കേരളാ സിലബസ് പ്ലസ് വൺ പരീക്ഷകൾ ജൂണിൽ

ഗൾഫിൽ പോയി കുടുങ്ങിയ വിദ്യാർഥികളുണ്ടെങ്കിൽ അവരുടെ പ്ലസ്ടു പരീക്ഷാഫലവും ഗൾഫിലെ വിദ്യാർഥികളുടേതിന് സമാനമാ‌കും

MediaOne Logo

Web Desk

  • Published:

    3 May 2026 10:06 PM IST

Kerala syllabus Plus One exams in the Gulf in June
X

ദുബൈ: ഗൾഫിൽ യുദ്ധം മൂലം മുടങ്ങിയ കേരളാ സിലബസ് പ്ലസ് വൺ പരീക്ഷകൾ ജൂണിൽ നടക്കും. സേ പരീക്ഷക്ക് ഒപ്പമാകും ഗൾഫിൽ പ്രത്യേകമായി ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷ നടത്തുക. ഈവർഷത്തെ പ്ലസ്ടു പരീക്ഷാഫലം ഒന്നാവർഷം പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

ഒന്നാംവർഷ പരീക്ഷയുടെ മാർക്കുകൾ പരിഗണിച്ച് പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമ്പോൾ പരീക്ഷയെഴുതേണ്ട 592 വിദ്യാർഥികളിൽ 470 പേർക്കാണ് ഉപരിപഠനത്തിന് യോഗ്യത ലഭിക്കുക. ബാക്കി വരുന്ന 122 വിദ്യാർഥികൾക്ക് ജയിക്കാനുള്ള 30 ശതമാനം മാർക്ക് നൽകാൻ എന്ത് നടപടി സ്വീകരിക്കണമെന്ന തീരുമാനം സർക്കാർ പരീക്ഷാബോർഡിന് വിട്ടു. ഒന്നാം വർഷ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന റിസൾട്ടിൽ തൃപ്തിയില്ലാത്തവർക്ക് ജൂണിൽ സേ പരീക്ഷക്കൊപ്പം എഴുതാൻ അവസരം നൽകും. ഇത് ആദ്യ ചാൻസായാണ് പരിഗണിക്കുക.

കേരളത്തിൽ നിന്ന് ഏതെങ്കിലും ആവശ്യത്തിന് ഗൾഫിൽ പോയി യുദ്ധകാലത്ത് കുടുങ്ങിയ വിദ്യാർഥികളുണ്ടെങ്കിൽ അവരുടെ പ്ലസ്ടു പരീക്ഷാഫലവും ഗൾഫിലെ വിദ്യാർഥികളുടേതിന് സമാനമായി പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന് ഹാൾടിക്കറ്റ്, പാസ്പോർട്ട്, വിസ തുടങ്ങിയ രേഖകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി അപേക്ഷ നൽകണം. ഹയർസെക്കൻഡറി പരീക്ഷ പൂർത്തിയാക്കി വിഷയങ്ങൾ നഷ്ടപ്പെട്ട കംപാർട്ടുമെന്റൽ വിദ്യാർഥികൾക്ക് ഇത്തവണ പരീക്ഷയെഴുതാൻ കഴിയാതെ പോയിട്ടുണ്ടെങ്കിൽ അവരുടെ റിസൽട്ട് മുൻവർഷങ്ങളിലെ മികച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കും. ഇവർക്കും സേ പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന് സർക്കാർ ഉത്തരവിട്ടു.

TAGS :

Next Story