കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ
രണ്ട് ദശലക്ഷം ദിനാറിൽ കൂടുതൽ വിലമതിക്കുന്നതാണ് ഇവയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് അധികൃതർ. ലഹരി മരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പരിശോധനകൾ ശക്തമാക്കിയത്. 335 കിലോ ഹഷീഷും ഒരു ദശലക്ഷം കാപ്റ്റഗൺ ഗുളികകളുമാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
രണ്ട് ദശലക്ഷം ദിനാറിൽ കൂടുതൽ വിലമതിക്കുന്നതാണ് ഇവയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ വകുപ്പുകൾ ഏകോപിച്ച് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. വാണിജ്യ മന്ത്രി മസിൻ അൽ നഹ്ദും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. മയക്കുമരുന്നിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.
ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാവരും അണിചേരണമെന്ന് ശൈഖ് തലാൽ ഖാലിദ് അഭ്യർഥിച്ചു. പിടിച്ചിടുത്ത ലഹരി വസ്തുക്കളും പ്രതികളേയും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. പിടിച്ചെടുത്ത സാധനങ്ങളുടെ ദൃശ്യങ്ങൾ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്ത് മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനുമെതിരെ കർശന നടപടികളും പരിശോധനകളുമാണ് നടക്കുന്നത്.
Adjust Story Font
16

