കുവൈത്തില്‍ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിൽ 5.6 ശതമാനം കുറവ്
വിദേശികളുടെ ജോലിനഷ്ടവും ശമ്പളക്കുറവുമാണ് പണമയക്കൽ കുറയാൻ പ്രധാന കാരണം

കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിന്റെ തോതിൽ കുറവ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറിക്കിയ സ്ഥിതി വിവരകണക്ക് പ്രകാരം നാട്ടിലേക്കുള്ള പണമയക്കലിൽ 5.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2023 ലെ രണ്ടാം പാദത്തിൽ പ്രവാസികൾ 1.168 ബില്യൺ ദിനാറാണ് നാട്ടിലേക്ക് അയച്ചത്.
എന്നാൽ ആദ്യ പാദത്തെ അപേക്ഷിച്ച് 5.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21.9 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറഞ്ഞു. വിദേശികളുടെ ജോലിനഷ്ടവും ശമ്പളക്കുറവുമാണ് പണമയക്കൽ കുറയാൻ പ്രധാന കാരണമെന്നാണ് സൂചനകൾ.
അയക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെങ്കിലും അയക്കുന്ന പണത്തിന്റെ തോതിൽ ഇടിവ് വന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം പ്രവാസികളുടെ പണമയക്കലിൽ വൻ കുറവ് വന്നുവെന്നാണ് വിവിധ മണി എക്സേഞ്ചുകളിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ കറൻസിയുടെ മൂല്യം കുറയുകയും ഗൾഫ് കറൻസികളുടെ മൂല്യം കൂടുന്നതും ഇന്ത്യയിലേക്ക് പണമയക്കലിനെ ബാധിച്ചിട്ടുണ്ട്.
Adjust Story Font
16

