Quantcast

ഗുരുതര ഗതാഗത നിയമലംഘനം: കുവൈത്തിൽ 74 പ്രവാസികളെ കഴിഞ്ഞ വർഷം നാടുകടത്തി

പുതിയ ട്രാഫിക് നിയമം നിലവിൽ വരുന്നതോടെ ലംഘനങ്ങൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ

MediaOne Logo

Web Desk

  • Published:

    12 Feb 2025 6:20 PM IST

New traffic law in Kuwait from tomorrow
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി അധികൃതർ. 2024 ൽ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 74 പ്രവാസികളെ നാടുകടത്തിയതായി ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് കമ്മിറ്റി 2025-ന്റെ ചെയർമാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അസ്സുബ്ഹാൻ അറിയിച്ചു. ലൈസൻസില്ലാതെ വാഹനമോടിക്കുക, അപകടകരമായ രീതിയിൽ വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ഇവരെ നാടുകടത്തിയത്. കുവൈത്ത് ടിവിയിലെ ഗുഡ് മോർണിംഗ് പ്രോഗ്രാമിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അപകടങ്ങളുടെയും, നിയമലംഘനങ്ങളുടെയും, മരണനിരക്കിന്റെയും വർധനവിനെ തുടർന്നാണ് ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് രാജ്യങ്ങളെല്ലാം കാലാനുസൃതമായി ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കാറുണ്ട്, കുവൈത്തിൽ ശ്രദ്ധക്കുറവ് മൂലമാണ് 90% അപകടങ്ങളും സംഭവിക്കുന്നത്. പ്രത്യേകിച്ച് മൊബൈൽ ഫോണിന്റെ ഉപയോഗം. ദിവസേന 200 മുതൽ 300 വരെ അപകടങ്ങളും ശരാശരി 28 മുതൽ 30 വരെ ആളുകൾക്ക് പരിക്കേൽക്കുന്നതായും അസ്സുബ്ഹാൻ പറഞ്ഞു. അത്‌കൊണ്ടാണ് ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന് പിഴ 5 ദിനാറിൽ നിന്ന് 75 ദിനാറാക്കി വർധിപ്പിച്ചത്. ഏപ്രിൽ 22-ന് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി മൂന്ന് മാസത്തെ ബോധവൽക്കരണ കാമ്പയിൻ നടത്തും. സർവകലാശാലകൾ, സ്‌കൂളുകൾ, മാളുകൾ എന്നിവിടങ്ങളിൽ സെമിനാറുകളും ടിവി, റേഡിയോ, പത്രങ്ങൾ, വെബ്‌സൈറ്റുകൾ എന്നിവയിലൂടെയും ബോധവൽക്കരണം നടത്തുമെന്നും അസ്സുബ്ഹാൻ വ്യക്തമാക്കി.

കൂടാതെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഗതാഗത നിയമ ഭേദഗതിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്താൻ പാടില്ല. കുട്ടികളെ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിപ്പിച്ച് സുരക്ഷിതമായി ഇരുത്തണം. നിയമം ലംഘിച്ചാൽ 50 ദിനാർ പിഴ ഈടാക്കും. കുട്ടികളുടെ കാര്യത്തിൽ അനാസ്ഥ കാണിച്ചാൽ ചൈൽഡ് പ്രൊട്ടക്ഷൻ ലോ പ്രകാരം ആറ് മാസത്തെ തടവും 500 ദിനാർ പിഴയും ലഭിക്കുമെന്നും അസ്സുബ്ഹാൻ പറഞ്ഞു.

വേഗത, ചുവപ്പ് ലൈറ്റ് ലംഘനം, സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവ നിരീക്ഷിക്കാൻ ഏകദേശം 1,000 ക്യാമറകളാണ് കുവൈത്തിൽ സ്ഥാപിച്ചത്. മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ലംഘനം, ലൈൻ ക്രോസിംഗ് എന്നിവ കണ്ടെത്താൻ 252 എ.ഐ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകൾ മാത്രം ഇതുവരെ 61,000 ലംഘനങ്ങൾ കണ്ടെത്തിയതായും അസ്സുബ്ഹാൻ കൂട്ടിച്ചേർത്തു. അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള ശിക്ഷകളെക്കുറിച്ചും അദ്ദേഹം വ്യക്തത വരുത്തി. അത്തരം ഡ്രൈവിംഗിന് 150 ദിനാർ വരെ പിഴ ഈടാക്കും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 600 മുതൽ 1,000 ദിനാർ വരെ പിഴയോ ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവോ ലഭിക്കും. കൂടാതെ കമ്മ്യൂണിറ്റി സേവനത്തിലോ ബോധവൽക്കരണ കോഴ്‌സുകളിലോ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹൃദ്രോഗത്തിന് ശേഷം കുവൈത്തിലെ രണ്ടാമത്തെ പ്രധാന മരണകാരണം വാഹനാപകടങ്ങളാണ്. കഴിഞ്ഞ വർഷം 284 പേർ അപകടങ്ങളിൽ മരിച്ചു. 11 കുട്ടികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പുതിയ നിയമ ഭേദഗതികൾ, നിരീക്ഷണം, ബോധവൽക്കരണം എന്നിവയിലൂടെ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.

TAGS :

Next Story