Quantcast

കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് വർധിപ്പിച്ചു; ജൂൺ അഞ്ച് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

കെ.ജി മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളിലെ വിദ്യാർഥികൾക്കും ഈ ഫീസ് വർധന ബാധകമാണ്

MediaOne Logo

Web Desk

  • Published:

    27 May 2026 6:14 PM IST

കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് വർധിപ്പിച്ചു; ജൂൺ അഞ്ച് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനഫീസ് വർധിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങി. പുതിയ ഫീസ് ഘടന ജൂൺ അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. കെ.ജി മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളിലെ വിദ്യാർഥികൾക്കും ഈ ഫീസ് വർധന ബാധകമാണ്. നിലവിലുള്ള ഫീസ് നിരക്കിന്റെ അടിസ്ഥാനത്തിലാണ് വർധനവ് നിശ്ചയിച്ചിരിക്കുന്നത്. 300 മുതൽ 500 ദിനാർ വരെ വാർഷിക ഫീസുള്ള വിദ്യാലയങ്ങൾക്ക് 15 ശതമാനവും, 501 ദിനാറിന് മുകളിൽ ഫീസുള്ള വിദ്യാലയങ്ങൾക്ക് 10 ശതമാനവുമാണ് വർധനവ് വരുത്തിയിട്ടുള്ളത്. കെ.ജി വിഭാഗത്തിന് 391 ദിനാർ, ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് 435 ദിനാർ, ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് 500 ദിനാർ, ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്ക് 561 ദിനാർ എന്നിങ്ങനെയാണ് പുതുക്കിയ വാർഷിക നിരക്കുകൾ.

പത്തിലേറെ വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സ്‌കൂളുകളിൽ ഫീസ് വർധന നടപ്പിലാക്കുന്നതെന്നാണ് സ്‌കൂൾ മാനേജ്മെന്റുകൾ വ്യക്തമാക്കുന്നത്. എന്നാൽ, പ്രവാസ ലോകത്ത് ജീവിതച്ചെലവുകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പെട്ടെന്നുണ്ടായ ഈ ഫീസ് വർധനവ് സാധാരണക്കാരായ പ്രവാസി രക്ഷിതാക്കൾക്ക് വലിയൊരു അധിക സാമ്പത്തിക ബാധ്യതയാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. അതേസമയം, രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കർശനമായ ചില നിർദേശങ്ങളും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്‌കൂളുകൾക്ക് അംഗീകൃത ഫീസിന് പുറമെ യാതൊരുവിധ അധിക തുകയും ഈടാക്കാൻ അനുമതിയുണ്ടായിരിക്കില്ല. കൂടാതെ, വർധിപ്പിച്ച ഫീസ് തുക മൂന്ന് തവണകളായി മാത്രമേ സ്വീകരിക്കാവൂ എന്നും ഫീസ് കുടിശ്ശിക വരുത്തിയെന്ന കാരണത്താൽ ഒരു വിദ്യാർഥിയെയും പഠനത്തിൽ നിന്നോ ക്ലാസുകളിൽ നിന്നോ തടയാൻ പാടില്ലെന്നും അധികൃതർ കർശനമായി നിർദേശിച്ചിട്ടുണ്ട്.

TAGS :

Next Story