Quantcast

വരുന്ന കോളെല്ലാം എടുക്കേണ്ട!; കുവൈത്തിൽ തട്ടിപ്പ് കോളുകൾ വർധിക്കുന്നതായി റിപ്പോർട്ട്

ഇരയുടെ ശബ്ദം റെക്കോർഡ് ചെയ്തും ലിങ്ക് അയച്ചും തട്ടിപ്പ്

MediaOne Logo

Web Desk

  • Updated:

    2026-04-14 09:13:09.0

Published:

14 April 2026 2:03 PM IST

Fraudulent calls are reportedly on the rise in Kuwait
X

കുവൈത്ത് സിറ്റി: കുവൈത്തിൽ തട്ടിപ്പ് കോളുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കുവൈത്ത് പൗരന്മാർക്കും താമസക്കാർക്കും ലഭിക്കുന്ന സംശയാസ്പദ അന്താരാഷ്ട്ര ഫോൺ കോളുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വർധനയുണ്ടായതായാണ് റിപ്പോർട്ട്. സംഘടിത ആഗോള സൈബർ തട്ടിപ്പിന്റെ ഭാഗമാണ് ഈ കോളുകളെന്നാണ് സുരക്ഷാ സ്രോതസ്സുകളിൽ നിന്നുള്ള വിവരം. പലപ്പോഴും ഒറ്റ റിങ് മുഴങ്ങുകയും ഉടൻ കോൾ കട്ടാകുകയുമാണ് ചെയ്യുന്നത്. അന്താരാഷ്ട്രതലത്തിൽ 'വാൻഗിരി സ്‌കാം' എന്നറിയപ്പെടുന്ന തന്ത്രമാണിത്.

ഓട്ടോമേറ്റഡ് കോളിങ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് നമ്പറുകളിലേക്ക് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. ഇര മറുപടി നൽകുമ്പോഴോ തിരികെ വിളിക്കുമ്പോഴോ, കോൾ ചില അന്താരാഷ്ട്ര നമ്പറുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നു. തുടർന്ന് പല രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. വോയ്സ് സന്ദേശങ്ങൾ അല്ലെങ്കിൽ ഓട്ടോമേറ്റഡ് ട്രാൻസ്ഫറുകൾ വഴി വിളിക്കുന്നയാളെ ഹോൾഡ് ചെയ്തുവയ്ക്കുന്നത് ഉൾപ്പെടെയുള്ള രീതികളിൽ തട്ടിപ്പ് നടക്കുന്നു. മിനിറ്റിന് അമിത നിരക്കുകൾ ഈടാക്കിയാണ് ഇത്തരം കോളുകൾ. ചിലപ്പോൾ മിനിറ്റിന് നിരവധി ദിനാർ വരെ നൽകേണ്ടി വരും. വിളിക്കുന്നയാൾ അറിയാതെ തന്നെ ഈ തട്ടിപ്പിന് ഇരയാകുന്നു.

അതേസമയം, ഇരയുടെ ശബ്ദം റെക്കോർഡുചെയ്യാൻ ലക്ഷ്യമിട്ടാകും ചില കോളുകൾ. പെയ്ഡ് സേവനങ്ങൾക്ക് വോയ്സ് അപ്രൂവൽ നൽകാനും വ്യാജ സാമ്പത്തിക ഇടപാടുകൾ പോലുള്ള മറ്റ് തട്ടിപ്പുകളിലും പിന്നീട് ഈ ശബ്ദം ഉപയോഗിച്ചേക്കാം.

അതേസമയം, ചില തട്ടിപ്പ് നെറ്റ്വർക്കുകൾ മെയിൽ ഷിപ്പ്മെന്റുകൾ, അക്കൗണ്ട് അപ്ഡേറ്റുകൾ അല്ലെങ്കിൽ മറ്റ് വിവരങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെടുന്ന വ്യാജ ലിങ്കുകൾ അടങ്ങിയ ടെക്‌സ്റ്റ് മെസ്സേജുകൾ പിന്നീട് അയയ്ക്കും. ഇതിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ ഹാക്ക് ചെയ്യുപ്പെടുകയോ വ്യക്തിഗത ഡാറ്റ മോഷ്ടിക്കപ്പെടുകയോ ചെയ്‌തേക്കും.

ഇത്തരം കോളുകളിൽ ഭൂരിഭാഗവും അയൽ രാജ്യങ്ങളിലെ നമ്പറുകളിൽ നിന്നാണെന്ന് തോന്നുമെങ്കിലും അവ പലപ്പോഴും പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, ചില കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവയിൽ നിന്നാണ് വരുന്നതെന്ന് സ്രോതസ്സുകൾ വ്യക്തമാക്കുന്നു. അതിനാൽ വിദേശ നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകരുതെന്ന് അവർ ആളുകളോട് അഭ്യർഥിക്കുന്നത്. പ്രത്യേകിച്ച് ആ പ്രദേശങ്ങളിൽ ബന്ധുക്കളില്ലെങ്കിൽ. ഒരിക്കൽ മാത്രം റിങ് ചെയ്യുന്ന കോളുകൾ അവഗണിക്കാനും അജ്ഞാത നമ്പറുകളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും പറയുന്നു. സംശയാസ്പദ നമ്പറുകൾ ഉടൻ ബ്ലോക്ക് ചെയ്യാനും അവർ ഉപദേശിക്കുന്നു. ചില കോളുകൾ സാധാരണമായി തോന്നാമെങ്കിലും അവ സംഘടിത സൈബർ തട്ടിപ്പ് പ്രവർത്തനത്തിന്റെ തുടക്കമാകാമെന്നും ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story