ജോർജിയ മെലോണി കുവൈത്തിൽ, വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നു; പ്രതിരോധ-നിക്ഷേപ കരാറുകളിൽ ധാരണ
ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കുവൈത്ത് അമീർ സ്വീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തും ഇറ്റലിയും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നു. കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അസബാഹ് സ്വീകരിച്ചു. സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതും സഹകരണം വിപുലീകരിക്കുന്നതും ചർച്ചയായി. വിവിധ മേഖലകളിൽ സഹകരിക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. നേരിട്ടുള്ള നിക്ഷേപം, പ്രതിരോധ വ്യവസായം, സൈനിക പരിശീലനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സഹകരണം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2 ധാരണാപത്രങ്ങളിലും ഒരു ഉദ്ദേശ്യപത്രത്തിലുമാണ് ഒപ്പുവെച്ചത്.
കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയും ഇറ്റാലിയൻ ട്രേഡ് ഏജൻസിയും തമ്മിൽ നിക്ഷേപ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വ്യാവസായിക സഹകരണം ശക്തമാക്കുന്നതിനുമായി കുവൈത്ത് പ്രതിരോധ മന്ത്രാലയവും ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയും ഉദ്ദേശ്യപത്രത്തിൽ ഒപ്പിട്ടു. കുവൈത്ത് നാഷണൽ ഗാർഡും ഇറ്റാലിയൻ കരാബിനിയേരി സൈനിക വിഭാഗവും തമ്മിൽ സൈനിക പരിശീലനവും ഉപദേശക സേവനങ്ങളും സംബന്ധിച്ച കരാറിലും ഒപ്പുവെച്ചു. ചടങ്ങിൽ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും പങ്കെടുത്തു.
Adjust Story Font
16

