Quantcast

കുവൈത്തിൽ ആറുമാസത്തിനുള്ളിൽ 8000 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു

ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് വിദേശികളുടെ ലൈസൻസ് പിൻവലിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-08-05 18:08:28.0

Published:

5 Aug 2022 4:59 PM GMT

കുവൈത്തിൽ ആറുമാസത്തിനുള്ളിൽ 8000 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു
X

കുവൈത്തിൽ ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 8000 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് വിദേശികളുടെ ലൈസൻസ് പിൻവലിച്ചത്. കാഴ്ചക്കുറവ്, മാനസിക പ്രശ്‍നങ്ങൾ എന്നിവ കാരണം 50 കുവൈത്ത് പൗരന്മാരുടെ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം വിവിധ വകുപ്പുകളുമായി ഉണ്ടാക്കിയ ഏകോപനത്തിലൂടെയാണ് വ്യവസ്ഥകൾ ലംഘിക്കുന്നവരുടെഡ്രൈവിംഗ് ലൈസൻസ് സ്വമേധയാ അസാധുവാകുന്ന സംവിധാനം നടപ്പിൽ വരുത്തിയത്. ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്, മാൻ പവർ അതോറിറ്റി, റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ടമെന്റ്, ഡിസെബിലിറ്റി അഫയേഴ്‌സ് ഡിപ്പാർട്ടമെന്റ് എന്നീ വകുപ്പുകൾ ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കുന്നതായി അധികൃതർ അറിയിച്ചു. 2022 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്ക് പ്രകാരം എണ്ണായിരം വിദേശികളുടെയും അമ്പത് സ്വദേശികളുടെയും ലൈസൻസുകൾ ആണ് പിൻവലിച്ചത്.

മാനദണ്ഡങ്ങൾ പാലിക്കപെടാത്തതാണ് വിദേശികളുടെ ലൈസൻസ് നഷ്ടമാകാൻ കാരണമായതെങ്കിൽ കുവൈത്ത് പൗരന്മാരുടേത് കാഴ്ച ശേഷി ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങളാലാണ് പിൻവലിച്ചത്. ശമ്പളം, പ്രൊഫഷൻ , വിദ്യാഭ്യാസ യോഗ്യത , കുവൈത്തിലെ താമസകാലാവധി തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത്. പ്രൊഫഷൻ അടിസ്ഥാനമാക്കി അനുവദിക്കപ്പെടുന്ന ലൈസൻസ് ജോലി മാറുന്നതോടെ സ്വമേധയാ അസാധുവാകും. ഇതിനായി വിവിധ അവകുപ്പുകളുടെ ഡാറ്റ ബസുകൾ തമ്മിൽ ലിങ്കിംഗ് സാധ്യമാക്കിയിട്ടുണ്ട്. ഇത് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള കൃത്രിമം കുറയ്ക്കുന്നതിന് വലിയ സംഭാവന നൽകിയാതായി അധികൃതർ പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസ് പ്രശ്നം കർശനമാക്കാനും വ്യവസ്ഥകൾ പാലിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താനും ആഭ്യന്തര മന്ത്രിയുടെ കർശന നിർദേശവുമുണ്ട്. 2022 ൽ ലൈസൻസ് വിതരണത്തിന്റെ തോത് അമ്പത് ശതമാനമായി കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story