ലൈസൻസില്ലാതെ ക്ലിനിക്ക് നടത്തി: കുവൈത്തിൽ ഇന്ത്യക്കാരി വീട്ടമ്മ അറസ്റ്റിൽ
ഔപചാരിക മെഡിക്കൽ യോഗ്യതയോ ലൈസൻസോ ഇല്ലെന്ന് പ്രതി, പിടിയിലായത് കുട്ടിയെ പരിശോധിക്കുന്നതിനിടെ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ ക്ലിനിക്ക് നടത്തിയ ഇന്ത്യക്കാരിയായ വീട്ടമ്മ അറസ്റ്റിൽ. ഫർവാനിയ ഗവർണറേറ്റിലെ അന്വേഷണ വകുപ്പിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജലീബ് അൽഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
'വീട്ടമ്മ'യായി കുവൈത്തിലെത്തിയ ഇവർ ജലീബ് അൽഷൂയൂഖ് പ്രദേശത്ത് ചികിത്സ നടത്തുന്നതിനിടെയാണ് പിടിയിലായത്. മലയാളിയായ ഇവർ അബ്ബാസിയയിൽ ലൈസൻസില്ലാതെ ഹോമിയോ ക്ലിനിക്ക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് പിടിയിലായത്. കൽസൽട്ടേഷന് ഒരാളിൽ നിന്ന് അഞ്ച് ദീനാറാണ് ഫീസ് ഈടാക്കിയിരുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇവരുടെ ചികിത്സ തേടിയിരുന്നു. ഹോമിയോപ്പതി കുവൈത്തിൽ അംഗീകൃത ചികിത്സാ രീതിയല്ല. ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ രക്തസമ്മർദ്ദ മോണിറ്റർ, സ്റ്റെതസ്‌കോപ്പ്, വിവിധതരം മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ സാധനങ്ങളുടെ ശേഖരം കണ്ടെത്തി. നാട്ടുവൈദ്യമെന്ന പേരിലുള്ള കാപ്‌സ്യൂളുകളും അധികൃതർ കണ്ടെത്തി.
ഔപചാരിക മെഡിക്കൽ യോഗ്യതകളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ ഇല്ലാതെ ചികിത്സ നടത്തിവന്നതായി സ്ത്രീ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വിദേശത്ത് നിന്ന് ചില മരുന്നുകൾ ഇറക്കുമതി ചെയ്തതായും മറ്റുള്ളവ പ്രാദേശിക ഫാർമസികളിൽ നിന്ന് വാങ്ങിയതായും അവർ സമ്മതിച്ചു. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികൃതർ കൈമാറി.
Adjust Story Font
16

