Quantcast

മൻഗഫ് തീപിടിത്തം: 49 ജീവനക്കാരുടെ കുടുംബത്തിന് ഇൻഷുറൻസ് തുക കൈമാറി

ഏകദേശം 17.31 കോടി രൂപയാണ് മരിച്ചവരുടെ കുടുംബത്തിന് എൻബിടിസി കൈമാറിയത്

MediaOne Logo

Web Desk

  • Published:

    25 May 2025 3:56 PM IST

Insurance amount transferred to families of 49 employees killed in Mangaf fire
X

കുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫ് തീപിടിത്തത്തിൽ മരിച്ച 49 ജീവനക്കാരുടെ കുടുംബത്തിന് എൻബിടിസി ഇൻഷുറൻസ് തുക കൈമാറി. ജീവനക്കാരുടെ 48 മാസത്തെ ശമ്പളത്തിന് സമാനമായ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുകയായ 6,18,240 കുവൈത്തി ദിനാർ (ഏകദേശം 17.31 കോടി രൂപ) ആണ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് കൈമാറിയത്.

എൻബിടിസി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മരിച്ചവരുടെ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ എൻബിടിസി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം 49 ജീവനക്കാരുടെയും അവകാശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. കുവൈത്തിലെ എംബസി പ്രതിനിധികൾ, ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പ്, എൻബിടി.സി മാനേജ്മെന്റ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ലെന്നും ദുരിതബാധിത കുടുംബങ്ങളെ പിന്തുണക്കുന്നത് തുടരുമെന്നും എൻബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം പറഞ്ഞു. അഗ്‌നിബാധയിൽ മരിച്ച ഇന്ത്യൻ ജീവനക്കാരുടെ കുടുംബങ്ങളെ അടുത്ത ആഴ്ച നേരിട്ട് സന്ദർശിക്കും. ഇൻഷുറൻസ് ക്ലെയിമുകൾ പരമാവധി വേഗത്തിലും സുതാര്യമായും കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.

നാദിർ അൽ അവാദി, ഹമദ് എൻ.എം.അൽബദ്ദ, ഇബ്രാഹീം എം.അൽ ബദ്ദ, ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ് (ജി.ഐ.ജി) ബഹ്റൈൻ ജനറൽ മാനേജർ അബ്ദുല്ല അൽഖുലൈഫി എന്നിവർ സംസാരിച്ചു.

എൻബിടിസി ജീവനക്കാർക്ക് കമ്പനി പ്രത്യേകമായി നൽകുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ്. എൻബിടിസിയുടെ കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും പ്രത്യേക ഇൻഷുറൻസ് പരിരക്ഷ കമ്പനി നൽകിവരുന്നുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ ജൂൺ 12നാണ് എൻബിടിസി ജീവനക്കാർ താമസിച്ചിരുന്ന മൻഗഫിലെ ഫ്‌ളാറ്റിൽ തീപടർന്നത്. ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചിരുന്നു.

TAGS :

Next Story