കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് കുവൈത്ത് എയർവേസ് സർവീസുകൾ പുനരാരംഭിക്കുന്നു
ഏപ്രിൽ 5 മുതൽ സൗദിയിലെ ദമ്മാം വിമാനത്താവളം വഴി യാത്ര ചെയ്യാം

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സ് സൗദിയിലെ ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. ഏപ്രിൽ 5 മുതൽ ഘട്ടം ഘട്ടമായാണ് കൊച്ചി, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ സർവീസ് നടത്തിത്തുടങ്ങുകയെന്ന് കുവൈത്ത് എയർവേയ്സ് ആക്ടിങ് സിഇഒ അബ്ദുൽ വഹാബ് അൽ ഷാത്തി അറിയിച്ചു. ഇതനുസരിച്ച് അഹമ്മദാബാദിലേക്കുള്ള വിമാനം ഏപ്രിൽ 5 മുതൽ ഞായറാഴ്ചകളിലും, കൊച്ചിയിലേക്കുള്ള സർവീസ് ഏപ്രിൽ 6 മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലും ലഭ്യമാകും. ഡൽഹിയിലേക്ക് ഏപ്രിൽ 7 മുതൽ ചൊവ്വാഴ്ചകളിലും, മുംബൈയിലേക്ക് ഏപ്രിൽ 10 മുതൽ വെള്ളിയാഴ്ചകളിലുമാണ് വിമാനങ്ങൾ സർവീസ് നടത്തുക. മേഖലയിലെ സംഘർഷങ്ങൾക്കിടെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചും മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമാണ് ദമ്മാമിനെ ഒരു പ്രധാന ഹബ്ബാക്കി മാറ്റി സർവീസുകൾ വിപുലീകരിക്കുന്നത്.
ഇന്ത്യൻ നഗരങ്ങൾക്ക് പുറമെ ലണ്ടൻ, കെയ്റോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ തുടങ്ങിയ ഇടങ്ങളിലേക്കും നിലവിൽ ദമ്മാം വഴി സർവീസുകൾ ലഭ്യമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് മികച്ച കാര്യക്ഷമതയോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് എയർവേയ്സിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള താമസക്കാർക്ക് സൗദി അറേബ്യയിലേക്കുള്ള വിസ അപേക്ഷാ സേവനങ്ങളും എയർലൈൻ നേരിട്ട് നൽകുന്നുണ്ട്.
Adjust Story Font
16

